SHARE

കഴിഞ്ഞ മൂന്നാലു ദിവസങ്ങളായി കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് അനസ് എടത്തൊടിക ഐലീഗ് ക്ലബ് ഗോകുലം കേരള എഫ്‌സിയില്‍ ചേരുന്നുവെന്നത്. കേരള ബ്ലാസ്റ്റേഴ്‌സുമായി കഴിഞ്ഞ സീസണില്‍ കരാറിലെത്തിയ അനസ് ക്ലബുമായി ചേര്‍ന്നു പോകാന്‍ സാധിക്കാത്തതിനാല്‍ ഗോകുലത്തിലേക്ക് വരുന്നുവെന്നായിരുന്നു പ്രചരണം. പക്ഷേ വാര്‍ത്തയോട് കേരള ബ്ലാസ്‌റ്റേഴ്‌സോ ഗോകുലം കേരളയോ പ്രതികരിച്ചിരുന്നില്ല.

ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണം നടത്തിയിരിക്കുകയാണ് ഗോകുലം മാനേജ്‌മെന്റ്. പ്രചരിക്കുന്ന വാര്‍ത്തകളില്‍ ഒരുശതമാനം പോലും സത്യമില്ലെന്നാണ് ഗോകുലം ഉടമ വി.സി. പ്രവീണ്‍ പറയുന്നത്. വാര്‍ത്തകള്‍ അവാസ്തവമാണെന്നും അനസുമായി ബന്ധപ്പെട്ട് തങ്ങള്‍ ഒരു നീക്കം പോലും നടത്തിയിട്ടില്ലെന്നുമാണ് ഗോകുലം പറയുന്നത്. അതേസമയം ഈ വിഷയത്തില്‍ അനസ് പരസ്യ പ്രതികരണം നടത്തിയിട്ടില്ല.

2018ല്‍ ജംഷഡ്പൂരില്‍ നിന്നും ബ്ലാസ്റ്റേഴ്‌സിലേക്കെത്തുമ്പോള്‍ ദേശീയ ടീമിലെ പ്രതിരോധ താരങ്ങള്‍ ഇരുവരും അണി നിരക്കുന്നു എന്നത് ടീമിനു വലിയ മുന്‍തൂക്കം നല്‍കിയിരുന്നു. സസ്‌പെന്‍ഷന്‍ മൂലം ഐഎസ്എല്‍ സീസണിന്റെ തുടക്കത്തില്‍ ആദ്യ മത്സരങ്ങളില്‍ കളത്തിലിറങ്ങാന്‍ അനസിന് സാധിച്ചിരുന്നില്ല. സീസണില്‍ ആകെ ഒന്‍പത് കളികളിലാണ് അനസ് ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ബൂട്ട് കെട്ടിയത്. ഏഷ്യാകപ്പിനിടെ അനസ് ദേശീയ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.