SHARE

ഐലീഗില്‍ നിലനില്‍പ്പ് അവതാളത്തിലാക്കി ഗോകുലം കേരള എഫ്‌സി. സ്വന്തം തട്ടകത്തില്‍ ലീഗിലെ യുവനിരയായ ഇന്ത്യന്‍ ആരോസിനെതിരേ 1-1 സമനില വഴങ്ങിയതോടെ സൂപ്പര്‍കപ്പിന് യോഗ്യത പോലും അവതാളത്തിലായിരിക്കുകയാണ്. മലയാളിതാരം കെ.പി. രാഹുലാണ് ആതിഥേയരുടെ നെഞ്ചത്ത് ഇരുപത്തിരണ്ടാം മിനിറ്റില്‍ പ്രഹരമേല്പിച്ചത്. മാര്‍ക്കസ് ജോസഫിലൂടെ (64) ഗോള്‍ മടക്കിയെങ്കിലും ജയത്തിലെത്താന്‍ അതൊന്നും പോരായിരുന്നു.

സൂപ്പര്‍കപ്പിന് ഐലീഗിലെ ആദ്യ പത്തുസ്ഥാനക്കാര്‍ക്കേ പ്രവേശനമുള്ളൂ. യോഗ്യതറൗണ്ടെങ്കിലും കളിച്ച് സൂപ്പര്‍കപ്പിനെത്താന്‍ ഗോകുലത്തിന് ഇനി ഭാഗ്യം കൂടി കനിയണം. 13 പോയിന്റുമായി ഇപ്പോള്‍ പത്താംസ്ഥാനത്താണ് കേരള ടീം. അവസാന സ്ഥാനത്തുള്ളത് ഷില്ലോംഗ് ലജോംഗാണ്. അവര്‍ക്കുള്ളത് 10 പോയിന്റ്. അവസാന രണ്ടു മത്സരങ്ങളും ലജോംഗ് ജയിക്കുകയും ഗോകുലം തോല്ക്കുകയും ചെയ്താല്‍ ഷില്ലോംഗ് സൂപ്പര്‍കപ്പിന് ടിക്കറ്റെടുക്കും.

സൂപ്പര്‍കപ്പിനേക്കാള്‍ വലിയൊരു അപകടം ഗോകുലത്തെ കാത്തിരിപ്പുണ്ട്. ഐലീഗില്‍ നിന്നുള്ള തരംതാഴ്ത്തലാണത്. അടുത്ത സീസണില്‍ ഐലീഗ് പോലും ഉണ്ടാകുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെങ്കിലും അവസാന സ്ഥാനക്കാരായാല്‍ ഭാവിയില്‍ പ്രതീക്ഷ പോലും വേണ്ടെന്ന അവസ്ഥയാകും ഗോകുലത്തിന്.