SHARE

ഇന്ത്യന്‍ ആരോസിനെതിരെ ഡല്‍ഹി അംബേദ്കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഐ ലീഗ് മത്സരത്തില്‍ ഗോകുലം കേരളാ എഫ് സിക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത രണ്ടു ഗോളിനാണ് ഗോകുലം എഫ് സി വിജയിച്ചത്. കളിയുടെ 11ാം മിനുട്ടില്‍ ഘാന താരം ഡാനിയല്‍ അഡോയാണ് കേരളത്തിന്റെ ആദ്യഗോള്‍ നേടിയത്.

38ാം മിനുട്ടില്‍ ലീഡ് വര്‍ധിപ്പിക്കാനുള്ള അവസരം  ലഭിച്ചെങ്കിലും ഗോള്‍കീപ്പര്‍ ധീരജ് സിംഗ് മാത്രം മുന്നില്‍ നില്‍ക്കേ ഗോകുലത്തിന്റെ മലയാളിതാരം ഉസ്മാന്‍ ആഷിക് പന്ത് പുറത്തേക്കടിക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ മികച്ച മുന്നേറ്റങ്ങളാണ് കേരളാ ടീം നടത്തിയത്.

എന്നാല്‍ രണ്ടാം പകുതിയില്‍ ഉണര്‍ന്ന് കളിക്കുന്ന ആരോസിനെയാണ് കണ്ടത്. ആരോസ് താരങ്ങളായ അനികേത് ജാദവും സജീവ് സ്റ്റാലിനും ഗോകുലത്തിന്റെ പ്രതിരോധത്തെ പരീക്ഷിച്ചു കൊണ്ടേയിരുന്നു. 59ാം മിനുട്ടില്‍ ആരോസിന്റെ സംജീവ് സ്റ്റാലിനെടുത്ത ഫ്രീകിക്ക് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു.

പിന്നീട് 64ം മിനുട്ടില്‍ ഖാലിദ് അല്‍ സലാഹിന്റെ ഗോളിലൂടെ ഗോകുലം ലീഡ് വര്‍ധിപ്പിച്ചു. ബോക്‌സിന് തൊട്ടുവെളിയില്‍ നിന്ന് ലഭിച്ച ഫ്രീക്കിക്കിലൂടെയായിരുന്നു സലാഹ് ഗോള്‍ നേടിയത്. രണ്ടാമത്തെ ഗോളും കൂടി വഴങ്ങിയതോടെ ഗോള്‍ തിരിച്ചടിക്കാനായി ആരോസ് താരങ്ങള്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ വല കുലുക്കാന്‍ മാത്രമം കഴിഞ്ഞില്ല. 89ാം മിനുട്ടില്‍ പകരക്കാരനായി ഇറങ്ങിയ കുമാന്തേം മീട്ടേയ് ഗോകുലം എഫ് സിയുടെ ബോക്‌സിലേക്ക് ആരോസ് താരങ്ങളെ ലക്ഷ്യമാക്കി മികച്ച ക്രോസ് നല്‍കിയെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു.

ഗോകുലത്തിനായി ഗോള്‍ നേടുകയും പ്രതിരോധത്തില്‍ മിന്നുന്ന പ്രകടനം കാഴ്ച്ച വെക്കുകയും ചെയ്ത ഡാനിയല്‍ അഡോയാണ് കളിയിലെ താരം. 27ന് കൊല്‍ക്കത്തയില്‍ കരുത്തരായ ഈസ്റ്റ് ബംഗാളിനെതിരെയാണ് ഗോകുലം കേരളാ എഫ് സിയുടെ അടുത്ത മത്സരം.