SHARE

കേരളത്തിൽ നിന്നുള്ള ഐലീഗ് ക്ലബ്ബായ ഗോകുലം കേരളയുടെ ഗോളടി യന്ത്രമാണ് ട്രിനിഡാഡുകാരനായ നായകൻ മാർക്കസ് ജോസഫ്. ഇത്തവണ ഗോകുലം ഡ്യൂറൻഡ് കപ്പ് നേടിയപ്പോൾ 11 ഗോളുകളോടെ ടോപ്‌സ്കോററായിരുന്നു അദ്ദേഹം. പ്രീസീസൺ മത്സരങ്ങളിലും ടീമിനായി മികച്ച പ്രകടനമാണ് ജോസഫ് പുറത്തെടുക്കുന്നത്.

ഇപ്പോളിതാ മാധ്യമങ്ങളോട് സംസാരിക്കവെ തനിക്ക് ഐലീഗിലേയും ടോപ് സ്കോററാവാൻ കഴിയുമെന്ന് പറഞ്ഞിരിക്കുകയാണ് മാർക്കസ് ജോസഫ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ” ഐലീഗിലെ ടോപ് സ്കോററാവാൻ എനിക്ക് കഴിയും. ഗോളുകൾ നേടാനും ടീമിനെ വിജയത്തിലെത്തിക്കാനും എന്നെക്കൊണ്ടാവും വിധം ഞാൻ ശ്രമിക്കുന്നുണ്ട്‌. ഗോളുകൾ സ്കോർ ചെയ്ത് കൊണ്ടിരിക്കുകയും, എപ്പോളും ഏറ്റവും മികച്ച താരമായിരിക്കുകയുമാണ് എന്റെ ലക്ഷ്യം. നിങ്ങൾ ഗോളുകൾ നേടിയില്ലെങ്കിൽ ടീം, മത്സരങ്ങളും വിജയിക്കാൻ പോകുന്നില്ല.”

ദേശീയ ടീമായ ട്രിനിഡാഡ് ആൻഡ് ടൊബാഗോയ്ക്കൊപ്പവും സമീപ കാലത്ത് മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുള്ള മാർക്കസ് ജോസഫ്, അടുത്തിടെ മാർട്ടിനികിനെതിരെ നടന്ന കോൺകകാഫ് നേഷൻസ് ലീഗ് മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. നിലവിൽ ഇന്ത്യയിൽ കളിക്കുന്ന വിദേശ താരങ്ങളിൽ വളരെ കുറച്ച് പേർ മാത്രമാണ് മാർക്കസ് ജോസഫിനെപ്പോലെ ദേശീയ ടീമിൽ കളിക്കുന്നവർ. രാജ്യത്തിന് വേണ്ടി കളിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ ജോസഫിന്റെ മറുപടി ഇങ്ങനെ, “രാജ്യത്തിന് വേണ്ടി കളിക്കുകയെന്നത് എല്ലായ്പ്പോളും ഏറെ സന്തോഷം തരുന്ന കാര്യമാണ്. രാജ്യത്തെ പ്രതിനിധീകരിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ ആ രാജ്യത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളാണെന്നാണ് അർത്ഥം.” ജോസഫ് പറഞ്ഞുനിർത്തി.