SHARE

ഡ്യൂറാൻഡ് കപ്പിൽ കേരളത്തിന്റെ ​ഗോകുലം കേരളയ്ക്ക് ചരിത്രനേട്ടം. ഫൈനലിൽ കരുത്തരായ മോഹൻ ബ​ഗാനെ വീഴ്ത്തിയാണ് ​ഗോകുലം കിരീടം ചൂടിയത്. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് ​ഗോകുലത്തിന്റെ ജയം. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് കേരളത്തിലെ ടീം ഡ്യൂറാൻഡ് കപ്പിൽ മുത്തമിടുന്നത്.

കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ ഗോകുലം ലീഡെടുത്തു. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ ക്യാപ്റ്റൻ മാർക്കസ് ജോസഫാണ് ​ഗോകുലത്തിന് ലീഡ് നൽകിയത്. പെനാൽറ്റി വലയിലെത്തിച്ചായിരുന്നു മാർക്കസിന്റെ ​ഗോൾ.

രണ്ടാം പകുതി തുടങ്ങി ആറ് മിനിറ്റിന് ശേഷം ​ഗോകുലം ലീഡുയർത്തി. മാർക്കസ് തന്നെയാണ് ഇക്കുറിയും വലകുലുക്കിയത്. ടൂർണമെന്റിൽ മാർക്കസിന്റെ പതിനൊന്നാം ​ഗോളായിരുന്നു ഇത്. 64-ാം മിനിറ്റിൽ ചമോറോ മോഹൻ ബ​ഗാനായി ഒരു ​ഗോൾ മടക്കി.