SHARE

ഐ-ലീ​ഗിൽ ​ഗോകുലം കേരളയുടെ കിരീടനേട്ടത്തിൽ നിർണായക പങ്ക് വഹിച്ച നോച്ചാ സിങ് ക്ലബ് വിട്ടേക്കും. ഐ.എസ്.എൽ സൂപ്പർ ക്ലബ് മുംബൈ സിറ്റി നോച്ചയെ റാഞ്ചാൻ രം​ഗത്തുണ്ട്. ഒന്നിലേറെ വർഷത്തെ കരാറിൽ താരം മുംബൈയുമായി കരാർ ഒപ്പുവയ്ക്കുമെന്നാണ് ഖേൽനൗ റിപ്പോർട്ട് ചെയ്യുന്നത്.

21-കാരനായ നോച്ച റൈറ്റ് ബാക്കാണ്. മണിപ്പൂർ സ്വദേശിയായ നോച്ച നെറോക്കയുടെ അണ്ടർ 18 ടീമിലൂടെയാണ് കളിച്ചതുടങ്ങിയത്. തുടർന്ന് ട്രാവുവിൽ പോയ നോച്ച വൈകാതെ നെറോക്കയിൽ മടങ്ങിയെത്തി. നെറോക്കയ്ക്കൊപ്പം ഐ-ലീ​ഗ് അരങ്ങേറ്റം കുറിച്ച നോച്ച, 2019-ലാണ് ​ഗോകുലത്തിലെത്തിയത്. ക്ലബിനൊപ്പം ഡ്യൂറാൻഡ് കപ്പ് കിരീടനേട്ടത്തിൽ നോച്ച പങ്കാളിയായി, ഫൈനലിൽ ഒരു ​ഗോളിന് വഴിയുമൊരുക്കി നോച്ച. തുർന്ന് ഐ-ലീ​ഗ് കിരീടമുയർത്തിയ കഴിഞ്ഞ സീസണിൽ 15 മത്സരങ്ങളിലും നോച്ച കളിച്ചു.

കഴിഞ്ഞ ഐ.എസ്.എല്ലിൽ കിരീടവും ലീ​ഗ് ഷീൽഡും നേടിയ മുംബൈ വരുന്ന സീസണിൽ ഏ.എഫ്.സി ചാമ്പ്യൻസ് ലീ​ഗിലേക്കും യോ​ഗ്യത നേടി. ഏഷ്യൻ കിരീടപ്പോരാട്ടത്തിന് കൂടി ഒരുങ്ങുന്നതോടെ മികച്ച സ്ക്വാഡ് വേണമെന്ന നിലപാടിലാണ് മുംബൈ നോച്ചയ്ക്ക് പിന്നാലെ കൂടിയത്. അമെ റെനെവാദെ, ബിപിൻ സിങ് തുടങ്ങിയ ഇന്ത്യൻ താരങ്ങൾക്ക് കരാർ പുതുക്കി നൽകിയ മുംബൈ, കൂടുതൽ യുവ താരങ്ങളെ ടീമിലെത്തിക്കാനും ആലോചിക്കുന്നുണ്ട്.