SHARE

ഐ-ലീ​ഗിന് തയ്യാറെടുക്കുന്ന ​ഗോകുലം കേരള മുന്നേറ്റനിരയിലേക്ക് ആഫ്രിക്കൻ താരത്തെ എത്തിക്കും. മാലി ഫോർവേഡായ സാലിയു​ ​ഗിൻഡോയാണ് ​വരും സീസണിൽ ​ഗോകുലം ജേഴ്സിയണിയുക എന്ന് ഖേൽനൗ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ കുറച്ചുവർഷമായിട്ട് യൂറോപ്യൻ രാജ്യമായ അൽബേനയിലെ വിവിധ ക്ലബുകൾക്കായാണ് സാലിയു കളിക്കുന്നത്. ഇപ്പോൾ ഒരു വർഷത്തെ കരാറിലാണ് താരം ​ഗോകുലത്തിലേക്ക് വരാൻ തയ്യാറെടുക്കുന്നത്. 2019-20 സീസണിൽ അൽബൈനിയൻ ക്ലബ് ബൈലിസിനായാണ് സാലിയു ഏറ്റവും മികച്ച പ്രകടനം നടത്തിയത്. സീസണിൽ 11 ​ഗോളുകൾ നേടിയ സാലിയു രണ്ട് ​ഗോളുകൾക്ക് വഴിയുമൊരുക്കി.

മാലി ദേശീയ സീനിയർ ടീമിനായി ഇതുവരെ കളിക്കാൻ സാലിയുവിന് ആയിട്ടില്ല. എന്നാൽ അണ്ടർ 20 ടീമിൽ സ്ഥിരം സാന്നിധ്യമായിരുന്നു സാലിയു. 2015-ൽ അണ്ടർ 20 ലോകകപ്പിൽ മൂന്നാം സ്ഥാനത്തെത്തിയ മാലി ടീമിൽ സാലിയുവുണ്ടായിരുന്നു.