SHARE

പ്രഥമ ഹീറോ സൂപ്പർ കപ്പിന്റെ രണ്ടാം മത്സരത്തിൽ കേരളത്തിന്റെ സ്വന്തം ടീമായ ഗോകുലം കേരള എഫ് സി, ഐ എസ് എൽ റണ്ണറപ്പുകളായ ബെംഗളൂരു എഫ് സിയുമായി ഇന്ന് ഏറ്റുമുട്ടും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് മത്സരം ആരംഭിക്കുക.

വമ്പൻ ടീമുകളെ വീഴ്ത്തുന്നത് ശീലമാക്കിയ ടീമാണ് ഗോകുലം കേരള. ഈ വർഷത്തെ ഐലീഗിൽ പലകുറി അവരത് തെളിയിക്കുകയും ചെയ്തു. ആ മികവ് ബെംഗളൂരുവിനെതിരെയും ടീം പുറത്തെടുക്കുമെന്നാണ് ആരാധക പ്രതീക്ഷ. ക്വാളിഫയർ റൗണ്ടിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഗോകുലം സൂപ്പർ കപ്പിന്റെ ഫൈനൽ റൗണ്ടിലെത്തിയത്.

നായകൻ സുനിൽ ഛേത്രിയിലും, മിക്കുവിലുമാകും ബെംഗളൂരുവിന്റെ പ്രതീക്ഷകൾ. അതേ സമയം ഉഗാണ്ടൻ താരം ഹെൻ റി കിസേക്കയും, മലയാളി താരം അർജുൻ ജയരാജിലുമാണ് ഗോകുലം പ്രതീക്ഷ വെക്കുന്നത്. വൻ ടീമുകളെ വീഴ്ത്താനുള്ള കഴിവ് ജയന്റ് കില്ലേഴ്സ് എന്ന പേരും ഗോകുലത്തിന് നൽകിക്കഴിഞ്ഞു. തങ്ങളുടെ ആ വിശേഷണം അന്വർത്ഥമാക്കുന്ന തരത്തിലുള്ള പ്രകടനമാണ് ഇന്ന് ബെംഗളൂരുവിനെതിരെയുള്ള മത്സരത്തിൽ ബിനോ ജോർജ്ജിന്റെ സംഘം ലക്ഷ്യമിടുന്നതും.

അതേ സമയം മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിനിടെ തങ്ങൾക്ക് നഷ്ടപ്പെടാനൊന്നുമില്ലെന്നും, മികച്ച കളി തന്നെ ബെംഗളൂരുവിനെതിരെ പുറത്തെടുക്കുമെന്നും, ഗോകുലം പരിശീലകൻ ബിനോ ജോർജ്ജ് പറഞ്ഞു. ‘ ഞങ്ങളുടെ പ്രാഥമിക ലക്ഷ്യം സൂപ്പര്‍ കപ്പ് ഫൈനല്‍ റൗണ്ടിന് യോഗ്യത നേടുകയെന്നതായിരുന്നു, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി ഞങ്ങളത് നേടുകയും ചെയ്തു, ഐ എസ് എല്‍ ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന ബെംഗളുരുവാണ് അടുത്ത എതിരാളികള്‍, അവരുടെ മികവ് നന്നായി അറിയാം, എന്നാലും ഞങ്ങള്‍ക്ക് നഷ്ടപ്പെടാനൊന്നുമില്ല, മികച്ച കളി തന്നെ പുറത്തെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണുള്ളത് ‘ ഗോകുലം പരിശീലകൻ കൂട്ടിച്ചേർത്തു. ഗോകുലത്തിനെതിരെ കളിക്കുമ്പോള്‍ സമ്മര്‍ദ്ദങ്ങളില്ലെന്നും എന്നാലും മത്സരം വെല്ലുവിളിയായി ത്തന്നെയാണ് കാണുന്നതെന്നും ബെംഗളുരു കോച്ച് ആല്‍ബര്‍ട്ട് റോക്കയും വ്യക്തമാക്കി.