SHARE

കോയമ്പത്തൂരില്‍ നടന്ന ഇന്റര്‍ നാഷണല്‍ കപ്പ് ഓഫ് ജോയ് ടൂര്‍ണ്ണ്‌മെന്റ് അണ്ടര്‍ 14 വിഭാഗത്തില്‍ ഗോകുലം കേരളാ എഫ് സി അക്കാദമി ടീമിന് തകര്‍പ്പന്‍ വിജയം. ഫൈനലിൽ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ഗോകുലത്തിന്റെ കുട്ടികള്‍ ബെംഗളുരു എഫ് സി അക്കാദമി ടീമിനെ തകര്‍ത്തത്. ഹോക്കിംപ് ഗോകുലത്തിന് വേണ്ടി ഹാട്രിക്ക് നേടി.

മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത് ഗോകുലമായിരുന്നു. ബെംഗളുരു ഒരു ഗോള്‍ തിരിച്ചടിച്ച് സമനില പിടിച്ചു. എന്നാല്‍ പിന്നീടങ്ങോട്ട് മത്സരം ഗോകുലത്തിന്റേത് മാത്രമായി മാറുകയായിരുന്നു. സെമിഫൈനലില്‍ ചെന്നൈയിന്‍ എഫ് സിയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്താണ് ഗോകുലം ഫൈനലിലെത്തിയത്. റിലയന്‍സ് യംഗ് ചാമ്പ്‌സിനെതിരെ 4-1ന് വിജയിച്ചാണ് ബെംഗളുരു ഫൈനല്‍ യോഗ്യത നേടിയിരുന്നത്.

ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ചതുള്‍പ്പടെ ആകെ ആറു മത്സരങ്ങളില്‍ നിന്ന് 45 ഗോളുകള്‍ അടിച്ചാണ് ഗോകുലം കുട്ടികള്‍ ചരിത്രം തീര്‍ത്തിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ മുത്തൂറ്റ് എഫ് എ ടീമിനെ എതിരില്ലാത്ത 14 ഗോളുകള്‍ക്കും, ഫുട്ബോള്‍ പ്ലസ് എഫ് എ ടീമിനെ 8-2നും, റിയല്‍ സ്പാര്‍ഷിനെ 11-0ത്തിനും ഗോകുലം തോല്‍പ്പിച്ചിരുന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ബെംഗളുരു എഫ് സിയുമായി 2-2 സമനിലയില്‍ പിരിയുകയായിരുന്നു ഗോകുലം.