SHARE

കേരളത്തിലെ രണ്ട് പ്രെഫഷണല്‍ ക്ലബുകളായ കേരള ബ്ലാസ്റ്റേഴ്‌സും ഗോകുലം കേരള എഫ്‌സിയും തമ്മിലുള്ള പോരാട്ടം കാണാന്‍ കാത്തിരിക്കുന്ന മലയാളി ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. പ്രളയദുരന്ത ബാധിതരെ സഹായിക്കാനായി ഇരുക്ലബുകളും തമ്മില്‍ ചാരിറ്റി മത്സരത്തില്‍ ഏറ്റുമുട്ടും. ഇതുസംബന്ധിച്ച് ഗോകുലം മുന്നോട്ടുവച്ച നിര്‍ദേശത്തിന് ബ്ലാസ്‌റ്റേഴ്‌സ് അനുകൂലമായി പ്രതികരിച്ചതായി ഗോകുലം വൃത്തങ്ങള്‍ വ്യക്തമാക്കി.

മത്സരം എന്നു നടക്കുമെന്നത് സംബന്ധിച്ച് അവസാന രൂപമായിട്ടില്ല. അടുത്ത ആഴ്ച്ചകളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പ്രീസീസണിനായി യുഎഇയിലേക്ക് പോകുകയാണ്. അതിനുശേഷം ടീം മടങ്ങിയെത്തിയ ശേഷമായിരിക്കും മത്സരം നടക്കുക. ഐഎസ്എല്‍, ഐലീഗ് സീസണ്‍ തുടങ്ങുന്നതിന് മുമ്പായിരിക്കും മത്സരമെന്നാണ് ലഭിക്കുന്ന വിവരം. കൊച്ചിയിലും കോഴിക്കോട്ടും ഹോംആന്‍ഡ് എവേ രണ്ട് മത്സരങ്ങളാകും ഉണ്ടാകുക.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായിട്ടാണ് മത്സരം. നിലവില്‍ ഡ്യൂറണ്ട് കപ്പില്‍ കളിക്കുകയാണ് ഗോകുലം കേരള എഫ്‌സി. ചാരിറ്റി മത്സരത്തിലൂടെ നല്ലൊരു തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വരൂപിക്കാമെന്നാണ് കണക്കുകൂട്ടല്‍. മാത്രമല്ല സീസണിന് മുന്നോടിയായി നല്ലൊരു മുന്നൊരുക്കവുമാകും മത്സരങ്ങള്‍.