SHARE

ഇന്ത്യൻ വുമൻസ് ലീ​ഗ് ഫുട്ബോളിൽ ​ഗോകുലത്തിന് കിരീടം. ബെം​ഗളുരുവിൽ നടന്ന ആവേശം നിറഞ്ഞ കലാശപ്പോരിൽ ക്രിഫ്സയെ വീഴ്ത്തിയാണ് ​ഗോകുലം കിരീടം ചൂടിയത്. രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കായിരുന്നു ജയം.

ആവേശം നിറഞ്ഞ ഫൈനലിന്റെ രണ്ടാം മിനിറ്റിൽ തന്നെ ​ഗോകുലം ലീഡ് നേടി. പരമേശ്വൊരി ദേവിയാണ് ആദ്യ ​ഗോൾ നേടിയത്. 25-ാം മിനിറ്റിൽ കമലാ ദേവി ​ഗോകുലത്തിന്റെ ലീഡ് ഉയർത്തി. ഫ്രീക്കിക്കിൽ നിന്നായിരുന്നു ​ഗോൾ. എന്നാൽ എട്ട് മിനിറ്റുകൾക്ക് ശേഷം ക്രിഫ്സ ഒരു ​ഗോൾ തിരിച്ചടിച്ചു. ഡാങ്മെയ് ​ഗ്രെയിസായിരുന്നു ​ഗോൾ നേടിയത്. രണ്ടാം പകുതിയിൽ എഴുപതാം മിറ്റിൽ ​ഗോകുലത്തിന് നെഞ്ചിടിപ്പേറ്റി ക്രിഫ്സ ഒപ്പമെത്തി.

രത്തൻബാല ദേവിയാണ് ക്രിഫ്സയെ ഒപ്പമെത്തിച്ച ​ഗോൾ നേടിയത്. ഇതോടെ മത്സരം നിശ്ചിതസമയത്ത് സമനിലയിൽ കലാശിക്കും എന്ന് തോന്നിച്ചു. എന്നാൽ 87-ാം മിനിറ്റിൽ നേപ്പാളിൽ നിന്നുള്ള സൂപ്പർതാരം സബിത്ര ​ഭണ്ഡാരി ​ഗോകുലത്തിനായി വിജയ​ഗോൾ പായിച്ചു. ഒപ്പം കിരീടവും സ്വന്തം.