SHARE

യൂറോപ്പിലെ ലീ​ഗുകളിൽ കളിക്കുന്ന 21 വയസിൽ താഴെയുള്ള മികച്ച താരത്തിന് നൽകുന്ന ​ഗോൾഡൻ ബോയ് പുരസ്കാരത്തിന്റെ 2021 ജേതാവായി പെഡ്രിയെ തിരഞ്ഞെടുത്തു. സ്പാനിഷ് മിഡ്ഫീൽഡറായ പെഡ്രി സൂപ്പർക്ലബ് ബാഴ്സലോണയുടെ താരമാണ്.

ഇറ്റാലിയൻ പത്രമായ ടൂട്ടോസ്പോർട്ടാണ് ​ഗോൾഡൻ ബോയ് പുരസ്കാരം നൽകിത്തുടങ്ങിയത്. കഴിഞ്ഞ വർഷം ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ നോർവീജിയൻ താരം എർലിങ് ഹലാൻഡായിരുന്നു പുരസ്കാരം നേടിയത്. കെയിലൻ എംബാപെ, മത്യാസ് ഡി ലിറ്റ്, ജാവോ ഫെലിക്സ് തുടങ്ങിയലും ഈ പുരസ്കാരം നേടിയിട്ടുണ്ട്. ഇക്കുറി പെ‍ഡ്രിക്ക് പുറമെ എഡ്വാർഡോ കാമവിം​ഗ, മേസൺ ​ഗ്രീൻവുഡ്, ജൂഡ് ബെല്ലിങ്ങാം, ബുക്കായോ സാക്ക, ​ഗാവി, കരീം അദെയെമി തുടങ്ങിയ താരങ്ങളേയും പുരസ്കാരത്തിനായി പരി​ഗണിച്ചിരുന്നു.

18-കാരനായ പെഡ്രി 2020-ലാണ് ബാഴ്സയുടെ ഭാ​ഗമാകുന്നത്. അതിവേ​ഗം ബാഴ്സ പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ച പെഡ്രി സീസണിൽ ക്ലബിനായി 37 ലാ ലി​ഗ മത്സരങ്ങളിൽ കളിച്ചു. മറ്റ് പോരാട്ടങ്ങൾ കൂടി പരി​ഗണിക്കുമ്പോൾ 52 തവണയാണ് പെഡ്രി സീസണിൽ ബാഴ്സ ജേഴ്സിയണിഞ്ഞത്. ഇതിനുപുറമെ സ്പെയിൻ ദേശീയ ടീമിനായും ഒളിംപിക് ടീമിനായും പെഡ്രി ബൂട്ടുകെട്ടി. ഇതെല്ലാം കൂടി കൂട്ടുമ്പോൾ 73 മത്സരങ്ങളാണ് 2020-21 സീസണിൽ പെ‍ഡ്രി കളിച്ചത്.