SHARE

ഒഡീഷ എഫ്.സി.വിട്ട സൂപ്പർ പരിശീലകൻ ജോസെപ് ​ഗോമ്പോ പുതിയ ദൗത്യത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. അമേരിക്കയിലെ ക്ലബായ ക്വീൻസ്ബോറോയുടെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നതിനുള്ള ചർച്ചകളിലാണ് ​ഗോമ്പോ. വിഖ്യാത സ്പാനിഷ് താരം ഡേവിഡ് വിയ്യയും ഉടമയായ ക്ലബാണ് ക്വീൻസ്ബോറോ.

ഐ.എസ്.എല്ലിൽ ഇക്കുറി ഒഡീഷ ഒരു ഘട്ടത്തിൽ പ്ലേ ഓഫ് കടക്കും എന്ന തോന്നിച്ച പ്രകടനമാണ് നടത്തിയത്. എന്നാൽ ഒടുവിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു. എങ്കിലും സ്പാനിഷ് പരിശീലകനായ ​ഗോമ്പോയുമായി കരാർ പുതുക്കാനായിരുന്നു ക്ലബിന് താൽപര്യം. എന്നാൽ കുടുംബപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ​ഗോമ്പോ ക്ലബ് വിടുകയായിരുന്നു.

ഇതിനുപിന്നാലെയാണ് ​ഗോമ്പോ അമേരിക്കൻ ക്ലബുമായി ചർച്ച നടത്തുന്നതായി റിപ്പോർട്ടുകൾ വരുന്നത്. ബാഴ്സലോണ യൂത്ത് ടീം മുൻ പരിശീലകൻ കൂടിയായിരുന്ന ​ഗോമ്പോയ്ക്ക് വിയ്യയുമായി ദീർഘകാല ബന്ധമാണുള്ളത്. ഈ ബന്ധത്തിന്റെ പുറത്താണ് ​ഗോമ്പോയെ അമേരിക്കയിലെത്തിക്കാനുള്ള നീക്കം നടക്കുന്നത്. ന്യൂയോർക്ക് കേന്ദ്രീകരിച്ചുള്ള ക്ലബുമായി സഹകരിക്കാൻ ​ഗോമ്പോ തയ്യാറാണെന്നാണ് സൂചന.

കഴിഞ്ഞ വർഷം മാത്രം തുടങ്ങിയ ക്ലബാണ് ക്വീൻസ്ബോറോ. അമേരിക്കയിലെ രണ്ടാം ഡിവിഷനായ യു.എസ്.എല്ലിലാണ് ക്ലബ് രജസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ അടുത്ത വർഷം മാത്രമെ ക്ലബ് ലീ​ഗിൽ കളിച്ചുതുടങ്ങുകയുള്ളു.