SHARE

രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ രാജസ്ഥാനെതിരേ കര്‍ണാടകയ്ക്ക് ജീവശ്വാസം നല്കിയത് ബൗളര്‍ വിനയ്കുമാറിന്റെ വെടിക്കെട്ട് പ്രകടനം. ഒരുഘട്ടത്തില്‍ വലിയ ലീഡ് വഴങ്ങുമായിരുന്ന കര്‍ണാടകയ്ക്ക് തുണയായത് അവസാന വിക്കറ്റില്‍ വിനയും റോണിത് മോറെയും കൂട്ടിച്ചേര്‍ത്ത 97 റണ്‍സാണ്. രാജസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സായ 224 റണ്‍സിനെതിരേ കര്‍ണാടകയുടെ മറുപടി 263 റണ്‍സാണ്.

രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ രാജസ്ഥാന്‍ വിക്കറ്റ് നഷ്ടപ്പെടാതെ 11 റണ്‍സെന്ന നിലയിലാണ്. അവസാനക്കാരനെ കൂട്ടുപിടിച്ച് വിനയ്കുമാര്‍ ബാറ്റുചെയ്തത് 32.1 ഓവറാണ്. വിനയ് 83 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 144 പന്തില്‍ പത്തു ബൗണ്ടറിയും രണ്ടു സിക്‌സറുമടക്കമാണ് വിനയിന്റെ 83 റണ്‍സ്.

ഒരുഘട്ടത്തില്‍ ഒന്‍പതിന് 166 റണ്‍സെന്ന നിലയിലായിരുന്നു കര്‍ണാടക. 52 റണ്‍സെടുത്ത കൃഷ്ണമൂര്‍ത്തി സിദ്ധാര്‍ഥാണ് കര്‍ണാടക നിരയില്‍ തിളങ്ങിയ മാറ്റെരാള്‍. ബൗളിംഗിലും കര്‍ണാടകയ്ക്കായി ഗംഭീര പ്രകടനമാണ് വിനയ് നടത്തിയത്. 17 ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി രണ്ടുവിക്കറ്റ് വീഴ്ത്തി. കൃഷ്ണപ്പ ഗൗതം മൂന്നു വിക്കറ്റ് വീഴ്ത്തി. മത്സരം ആവേശകരമായ നിലയിലേക്ക് എത്തിയിരിക്കുകയാണ്.