SHARE

ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിന്റെ തുടക്കത്തിലേറ്റ തിരിച്ചടിയിൽ നിന്ന് കരകയറി ടീം ഇന്ത്യ. മത്സരത്തിൽ ഓസീസ് ഉയർത്തിയ 289 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ മത്സരത്തിന്റെ തുടക്കത്തിൽ 4 റൺസെടുക്കുന്നതിനിടെ 3 വിക്കറ്റുകൾനഷ്ടപ്പെട്ട് തകർന്നെങ്കിലും നാലാംവിക്കറ്റിൽ ഒത്തുചേർന്ന രോഹിത് ശർമ്മയുടേയും, മഹേന്ദ്ര സിംഗ് ധോണിയുടെ കരുത്തിൽ തകർച്ചയിൽ നിന്ന് കരകയറുകയായിരുന്നു. മത്സരത്തിന്റെ അവസാന വിവരം ലഭിക്കുമ്പോൾ 30 ഓവറിൽ 133/3 എന്ന നിലയിലാണ് ഇന്ത്യ.

ഓസീസ് ഉയർത്തിയ 289 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറിൽ ധവാന്റെ വിക്കറ്റ് നഷ്ടമായി. നേരിട്ട ആദ്യ പന്തിൽ, അരങ്ങേറ്റക്കാരൻ ബെഹ്രൻഡോർഫിന് വിക്കറ്റ് സമ്മാനിച്ചാണ് ധവാൻ പുറത്തായത്‌. 3 റൺസെടുത്ത നായകൻ കോഹ്ലിയുടേതായിരുന്നു അടുത്ത ഊഴം. 3 റൺസെടുത്ത കോഹ്ലിയെ ജൈ റിച്ചാർഡ്സണാണ് പുറത്താക്കിയത്‌. തൊട്ടു പിന്നാലെ അതേ ഓവറിൽ റണ്ണൊന്നുമെടുക്കാതെ റായുഡുവും മടങ്ങിയതോടെ ഇന്ത്യ 4/3 എന്ന നിലയിലായി.

പിന്നീട് ഒത്തുചേർന്ന ധോണിയും, രോഹിതും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യയെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്‌. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് 100 റൺസ് പിന്നിട്ട് കഴിഞ്ഞു. 73 റൺസോടെ രോഹിത് ശർമ്മയും, 45 റൺസെടുത്ത മഹേന്ദ്ര സിംഗ് ധോണിയുമാണ് നിലവിൽ ക്രീസിൽ. 20 ഓവറുകൾ ശേഷിക്കേ 156 റൺസാണ് ഇന്ത്യയ്ക്ക്‌ ഇനി ജയിക്കാൻ വേണ്ടത്.