SHARE

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ പാക്കിസ്ഥാന് കൂറ്റന്‍ സ്‌കോര്‍. ആദ്യം ബാറ്റുചെയ്ത പാക് പട 50 ഓവറില്‍ ആറുവിക്കറ്റിന് 317 റണ്‍സ് അടിച്ചെടുത്തു. ഓപ്പണര്‍ ഇമാം ഉള്‍ഹഖിന്റെ (101) സെഞ്ചുറിയാണ് പാക് ഇന്നിംഗ്‌സിലെ പ്രധാന സംഭവം. ബാബര്‍ അസം (69), മുഹമ്മദ് ഹാഫീസ് (52) എന്നിവരും മികച്ച സംഭാവന നല്കി.

രണ്ടാം ഏകദിനത്തിലെ പോലെ തകര്‍ച്ചയോടെയാണ് പാക്കിസ്ഥാന്‍ തുടങ്ങിയത്. ആദ്യ വിക്കറ്റ് നാലാം ഓവറില്‍ നഷ്ടമാകുമ്പോള്‍ സ്‌കോര്‍ വെറും നാലു റണ്‍സ് മാത്രം. രണ്ടു റണ്‍സെടുത്ത ഫക്കര്‍ സമനെ ഹെന്‍ഡ്രിക്‌സ് ആണ് വീഴ്ത്തിയത്. എന്നാല്‍ ബാബറും ഇമാമും ചേര്‍ന്ന് പാക്കിസ്ഥാനെ മുന്നോട്ടു നയിച്ചു. 72 പന്തില്‍ 69 റണ്‍സെടുത്ത ബാബറിനെ സ്റ്റെയ്ന്‍ വീഴ്ത്തി.

പിന്നാലെയെത്തിയ ഹഫീസ് പരമ്പരയിലെ തകര്‍പ്പന്‍ ഫോം തുടര്‍ന്നു. 45 പന്തില്‍ നിന്നാണ് മുന്‍ക്യാപ്റ്റന്‍ 52 റണ്‍സെടുത്തത്. അവസാന ഓവറുകളില്‍ ഇമദ് വസീം ആണ് ആക്രമണം കടുപ്പിച്ചത്. 23 പന്തില്‍ 43 റണ്‍സെടുത്ത വസീം പുറത്താകാതെ നിന്നു. റബാഡയും സ്റ്റെയ്‌നും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.