SHARE

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കളിച്ച ആറ് ഇന്നിംഗ്‌സിലും 25 റണ്‍സോ അതില്‍ കൂടുതലോ സ്‌കോര്‍ ചെയ്ത ഏകതാരം റിഷാഭ് പന്താണ്. 25 (38), 28 (16), 36 (50), 30 (61), 39 (76), 33 (43) എന്നിങ്ങനെയാണ് പന്തിന്റെ സംഭാവന. മറ്റു താരങ്ങളാരും എല്ലാ ഇന്നിംഗ്‌സിലും ഇതുവരെ 25 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടില്ല. മൂന്നു ടെസ്റ്റില്‍ നിന്നും പന്ത് നേടിയത് 191 റണ്‍സാണ്. പരമ്പരയിലെ രണ്ടാമത്തെ ടോപ് സ്‌കോറര്‍ വിരാട് കോഹ്‌ലിയേക്കാള്‍ 68 റണ്‍സ് മാത്രം പിന്നില്‍.

മൂന്നു ടെസ്റ്റില്‍ നിന്നും 259 റണ്‍സാണ് വിരാടിന്റെ സംഭാവന. റണ്‍വേട്ടക്കാരില്‍ അഞ്ചാംസ്ഥാനത്തും പന്തുണ്ട്. ഒരു അര്‍ധസെഞ്ചുറി പോലും നേടാതെയാണ് പന്തിന്റെ ഈ നേട്ടം. മികച്ച തുടക്കം കിട്ടിയിട്ടും പലപ്പോഴും അത് വലിയ സ്‌കോറിലേക്ക് എത്തിക്കാനായില്ലെന്ന പോരായ്മയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ക്കുള്ളത്.

വിക്കറ്റിന് പിന്നിലും ഭേദപ്പെട്ട പ്രകടനമാണ് പന്തിന്റേത്. ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റില്‍ ക്യാച്ചുകളും എക്‌സ്ട്ര റണ്‍സും ഒരുപാട് നഷ്ടപ്പെടുത്തിയെങ്കിലും ഒസീസ് മണ്ണില്‍ പന്ത് ഏറെ മെച്ചപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച് പേസര്‍മാരുടെ പന്തുകള്‍ക്ക് കൈപ്പിടിയില്‍ ഒതുക്കുന്നതിനാല്‍. ഭാവിയിലേക്ക് ഈ ചെറുപ്പക്കാരനില്‍ നിന്ന് ഒരുപാട് പ്രതീക്ഷിക്കാമെന്ന് സുനില്‍ ഗവാസ്‌കര്‍ അടക്കമുള്ളവരും പറയുന്നു.