SHARE

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ശ്രീലങ്ക തിരിച്ചുവരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ വഴങ്ങിയ ശ്രീലങ്ക രണ്ടാം ഇന്നിംഗ്‌സില്‍ ശക്തമായി തിരിച്ചടിക്കുന്നു.ധനഞ്ജയ ഡിസില്‍വയ്‌ക്കൊപ്പം കുശാല്‍ മെന്‍ഡിസും സെഞ്ചുറി തികച്ചതോടെ മൂന്നാം ദിനം ലങ്ക അതിവേഗം കുതിക്കുകയാണ്. അവസാനം വിവരം കിട്ടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെന്ന നിലയിലാണ് സന്ദര്‍ശകര്‍. ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്‌സില്‍ 513 റണ്‍സെടുത്തിരുന്നു.

ഏകദിന ശൈലിയിലാണ് ഡിസില്‍വയുടെ ബാറ്റിംഗ്. മറുവശത്ത് കരുതലോടെയാണ് കുശാല്‍ ബാറ്റു വീശുന്നത്. ഇരുവരും ഇതുവരെ 290 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിട്ടുണ്ട്. ഷക്കീബ് അല്‍ഹസന്റെ അഭാവം ബംഗ്ലാ ബൗളിംഗില്‍ മുഴച്ചു നില്‍ക്കുന്നുണ്ട്. ആദ്യ ഇന്നിംഗ്‌സില്‍ 176 റണ്‍സ് നേടിയ മൊമിനൂള്‍ ഹഖാണ് വമ്പന്‍ സ്‌കോറിലേക്ക് ബംഗ്ലാദേശിനെ നയിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് വേണ്ടി ഓപ്പണര്‍മാരായ തമീം ഇഖ്ബാലും (52 റണ്‍സ്), ഇമ്രുല്‍ കയേസും (40) ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്.

പിന്നാലെ വന്ന മൊമിനൂള്‍ ഹഖും ട്രാക്കിലായതോടെ വമ്പന്‍ സ്‌കോര്‍ ലക്ഷ്യം വെച്ച് ബംഗ്ലാനിര കുതിക്കുകയായിരുന്നു. മുഷ്ഫിഖുര്‍ റഹീം 92 റണ്‍സും ക്യാപ്റ്റന്‍ മഹ്മദുള്ള 83 റണ്‍സ് നേടിയപ്പോള്‍, ബംഗ്ലാദേശ് സ്‌കോര്‍ അനായാസം അഞ്ഞൂറ് കടന്നു. ശ്രീലങ്കയ്ക്കായി സുരംഗ ലക്മല്‍, രംഗനാ ഹെറാത്ത് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.