SHARE

വെടിക്കെട്ട് തുടക്കം. മധ്യ ഓവറുകളില്‍ കിതച്ചു. കൂറ്റന്‍ സ്‌കോര്‍ കണ്ടെത്താനാകാതെ ഒടുക്കവും. ഐപിഎല്ലിലെ ജീവന്മരണ പോരാട്ടത്തിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ അവസ്ഥയാണിത്. മുന്നോട്ടു യാത്രയില്‍ ജയം അനിവാര്യമാണെന്ന ചിന്തയില്‍ രാജസ്ഥാന്‍ റോയല്‍സ് പന്തെറിഞ്ഞപ്പോള്‍ മുംബൈയുടെ ആദ്യ ഇന്നിംഗ്‌സ് 168 റണ്‍സിലൊതുങ്ങി. 42 പന്തില്‍ 60 റണ്‍സെടുത്ത എവിന്‍ ലൂയിസ് മുംബൈയ്ക്കായി തിളങ്ങിയപ്പോള്‍ രാജസ്ഥാന്റെ ഹീറോ മറ്റൊരു വിന്‍ഡീസ് താരമായ ജോഫ്ര ആര്‍ച്ചറാണ്. നാലോവറില്‍ വെറും 16 റണ്‍സ് വഴങ്ങി രണ്ടുവിക്കറ്റാണ് ആര്‍ച്ചര്‍ വീഴ്ത്തിയത്. ഹര്‍ദിക് പാണ്ഡ്യ (36) അവസാനം നടത്തിയ വെടിക്കെട്ടാണ് മുംബൈയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.

ബാറ്റിംഗ് പറുദീസയായ വാങ്കഡെ സ്റ്റേഡിയത്തില്‍ പതിവുപോലെ മികച്ച തുടക്കമാണ് മുംബൈയ്ക്ക് ലഭിച്ചത്. സൂര്യകുമാര്‍ യാദവും എവിന്‍ ലൂയിസും ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 87 റണ്‍സ്. അതും വെറും 64 പന്തില്‍ നിന്ന്. സൂര്യകുമാറാണ് ആദ്യം പുറത്താകുന്നത്. 31 പന്തില്‍ 38 റണ്‍സെടുത്ത യാദവിനെ ജോഫ്ര ആര്‍ച്ചര്‍ ജയദേവ് ഉനദ്ഖഡിന്റെ കൈയിലെത്തിച്ചു. രോഹിത് ശര്‍മ വന്നതുപോലെ തന്നെ മടങ്ങി. ഒരു പന്ത് മാത്രമാണ് മുംബൈ ക്യാപ്റ്റന്‍ നേരിട്ടത്. ആര്‍ച്ചര്‍ക്ക് തന്നെയായിരുന്നു ഈ വിക്കറ്റും.

മികച്ച ഫോമിലായിരുന്ന ലൂയിസ് ഇതിനിടെ 37 പന്തില്‍ അര്‍ധശതകം തികച്ചു. പതിനാലാം ഓവറില്‍ ധവല്‍ കുല്‍ക്കര്‍ണിക്ക് വിക്കറ്റ് സമ്മാനിച്ച് ലൂയിസും (60) മടങ്ങി. പതിവുപോലെ വീണ്ടും മധ്യനിര റണ്‍ കണ്ടെത്താന്‍ പാടുപെടുന്നതാണ് പിന്നീട് കണ്ടത്. 11 പന്തില്‍ 12 റണ്‍സെടുത്ത ഇഷാന്‍ കിഷന്‍ പുറത്തായതോടെ നാലിന് 119 റണ്‍സെന്ന നിലയിലായി മുംബൈ. 15 മുതല്‍ 18 വരെയുള്ള നാലോവറില്‍ വെറും 17 റണ്‍സാണ് മുംബൈയ്ക്ക് നേടാനായത്. അവസാന രണ്ടോവറില്‍ ഹര്‍ദിക് പാണ്ഡ്യ നടത്തിയ വെടിക്കെട്ടാണ് ആതിഥേയരെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.