SHARE

കളി കാണാന്‍ ആളില്ലാത്തതുകൊണ്ടും വലിയ സാമ്പത്തിക ബാധ്യത വന്നതോടെയും ഡെല്‍ഹി വിട്ട് ഒഡീഷയില്‍ കുടിയേറിയ പഴയ ഡെല്‍ഹി ഡൈനാമോസിന് ഇനി നല്ലകാലം. ഡൈനാമോസിനെ വിട്ട് ഒഡീഷ എഫ്‌സി എന്നു പേരുമാറിയ ടീമിന് ലഭിക്കുന്നത് രാജകീയ സ്വീകരണമാണ്. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്താണ് ടീമിനെ ഒഡീഷയിലേക്ക് എത്തിക്കുന്നത്.

ഡെല്‍ഹിയില്‍ സ്റ്റേഡിയത്തിനും പരിശീലന ഗ്രൗണ്ടിനുമായി കോടികളാണ് ഡൈനാമോസ് വാടക നല്കിയിരുന്നത്. എന്നാല്‍ കലിംഗ സ്‌റ്റേഡിയം ഹോംഗ്രൗണ്ടാക്കിയതോടെ എല്ലാ സൗകര്യങ്ങളും സൗജന്യമായിട്ടാണ് നല്കുന്നത്. സ്‌പോര്‍ട്‌സിനെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന ഒഡീഷ സര്‍ക്കാര്‍ വലിയ സഹായങ്ങളാണ് ടീമിന് ലഭ്യമാക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങള്‍ക്കായി കോടികള്‍ മുടക്കിയിരുന്ന മാനേജ്‌മെന്റിന് ഇനി ആ തുക കളിക്കാരെ വാങ്ങുന്നതിനും മറ്റു കാര്യങ്ങള്‍ക്കുമായി ഉപയോഗിക്കാം. ഒഡീഷയില്‍ ഫുട്‌ബോളിനെ വളര്‍ത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ക്ലബ് ഡയറക്ടര്‍ രോഹന്‍ ശര്‍മ പറയുന്നു. കഴിഞ്ഞദിവസമാണ് മാനേജ്‌മെന്റും സര്‍ക്കാരും തമ്മില്‍ കരാര്‍ ഒപ്പുവച്ചത്.