SHARE

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ക്ലബുകള്‍ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് ഇടയിലാണെന്ന വാര്‍ത്തകള്‍ക്കിടയിലും മറ്റൊരു ശുഭസൂചന. ടീമുകളുടെ നഷ്ടം മുന്‍സീസണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞതായി വിവിധ സാമ്പത്തിക ഏജന്‍സികള്‍ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആദ്യ സീസണില്‍ 35-45 കോടി രൂപയ്ക്കടുത്തായിരുന്നു ടീമുകളുടെ നഷ്ടം. ഇത് 18-25 കോടി രൂപയിലേക്ക് ചുരുങ്ങിയിട്ടുണ്ട്. ഓരോ സീസണ്‍ കഴിയുന്തോറും വരുമാനം കൂടുകയും ചെലവ് കുറയുകയും ചെയ്യുന്നുവെന്ന് അര്‍ത്ഥം.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് അടുത്തു തന്നെ ലഭത്തിലെത്തുമെന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. എന്നാല്‍ ക്ലബ് ഇതുസംബന്ധിച്ച് ഒരു കണക്കുകളും പുറത്തുവിട്ടിട്ടില്ല. ഇത്തവണ കുറഞ്ഞ ചെലവില്‍ ടീമിനെ ഇറക്കിയ ഫ്രാഞ്ചൈസിയാണ് ജോണ്‍ എബ്രഹാമിന്റെ നോര്‍ത്ത് ഈസ്റ്റ്. അതേസമയം കഴിഞ്ഞ നാലു സീസണുകളിലായി 80 കോടിയിലധികം രൂപയുടെ നഷ്ടമാണ് കേരള ബ്ലാസ്റ്റേഴ്‌സിന് ഉണ്ടായിരിക്കുന്നത്. ഇത്തവണ ഗേറ്റ് കളക്ഷനില്‍ കുറവു വന്നെങ്കിലും വരുമാനത്തില്‍ വലിയ കുറവു വന്നിട്ടില്ല.

-Advertisement-

ഈ സീസണില്‍ മോശം പ്രകടനം നടത്തിയ ടീമിന് അടുത്ത സീസണില്‍ തിരിച്ചടി നേരിട്ടേക്കാം. സ്‌പോണ്‍സര്‍ഷിപ്പ് കരാറെല്ലാം നേരത്തെ തന്നെ ഒപ്പിട്ടിരുന്നതാണ് ഈ സീസണില്‍ വലിയ വരുമാനക്കുറവ് വരാതിരിക്കാന്‍ കാരണം. എന്നാല്‍ ഇത്തവണ മോശം പ്രകടനമായതിനാല്‍ അടുത്ത സീസണില്‍ പ്രധാന ബ്രാന്‍ഡുകള്‍ ടീമുമായി സഹകരിക്കാന്‍ മടിക്കും. അതേസമയം ടീം ഇപ്പോഴും സാമ്പത്തികമായി വലിയ പ്രതിസന്ധിയില്‍ തന്നെയാണ്.

ബ്ലാസ്റ്റേഴ്‌സ് ആദ്യ സീസണില്‍ വമ്പന്‍ തുകയായിരുന്നു ചെലവഴിച്ചത്. മുപ്പതു കോടിയിലധികമായിരുന്നു അന്നു ബ്ലാസ്റ്റേഴ്‌സിന് സംഭവിച്ച നഷ്ടം. രണ്ടാമത്തെ സീസണില്‍ ഇതു ഇരുപത്തഞ്ചു കോടിയില്‍ കുറവായപ്പോള്‍ മൂന്നാം സീസണില്‍ വീണ്ടും കുറഞ്ഞ് ഇരുപതു കോടിയോളമായി. ഇത്തവണത്തെ നഷ്ടം 15 കോടി രൂപയ്ക്കടുത്താണ് ലഭിക്കുന്ന വിവരം.