SHARE

ഞായറാഴ്ച്ച മുംബൈ സിറ്റിയെ അവരുടെ തട്ടകത്തില്‍ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ആശ്വാസം നല്കുന്ന വാര്‍ത്ത. സൂപ്പര്‍ താരങ്ങളായ ദിമിതര്‍ ബെര്‍ബറ്റോവും സി.കെ. വിനീതും പരിക്കില്‍ നിന്ന് മുക്തരായെന്നാണ് ലഭിക്കുന്ന സൂചന. ബെര്‍ബറ്റോവിന് പരിക്കേറ്റത് ഡല്‍ഹിക്കെതിരായ മത്സരത്തിനിടെയായിരുന്നു. സി.കെ. വിനീതിനാകട്ടെ ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിന്റെ തലേദിവസവും. ഇരുവരും ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്.

മുംബൈയ്‌ക്കെതിരേ വിനീതിനെയും ബെര്‍ബയേയും കളിപ്പിക്കണോ എന്ന കാര്യം ടീം മീറ്റിംഗിനു ശേഷം മാത്രമേ തീരുമാനിക്കൂ. ഇനിയും ഏറെ മത്സരങ്ങള്‍ വരാനുള്ളതിനാല്‍ പരിക്ക് പൂര്‍ണമായും ഭേദമായ ശേഷം കളത്തിലിറക്കാനാണ് കോച്ച് ഡേവിഡ് ജെയിംസ് തീരുമാനിക്കുന്നതെങ്കില്‍ വിനീതിന്റെ കാത്തിരിപ്പ് നീളും. തുടക്കത്തിലെ മോശം പ്രകടനത്തിനുശേഷം അവസാനം കളിച്ച രണ്ടു കളികളിലും ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം നടത്തിയിരുന്നു. പൂനെയ്‌ക്കെതിരേ കൊച്ചിയില്‍ സമനില നേടിയപ്പോള്‍ ഡൈനാമോസിനെ അവരുടെ തട്ടകത്തില്‍ പോയി തകര്‍ത്തുവിട്ടു.

-Advertisement-

പ്ലേഓഫ് സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ ബ്ലാസ്റ്റേഴ്‌സിന് ഇനിയുള്ള മത്സരങ്ങള്‍ മികച്ച പ്രകടനം നടത്തണം. അതേസമയം, മുംബൈയ്‌ക്കെതിരായ മത്സരത്തിലും ഗ്യാലറികളില്‍ മഞ്ഞപ്പടയുടെ നിറഞ്ഞ സാന്നിധ്യമുണ്ടാകും. നിരവധി ആരാധകരാണ് ടീമിനൊപ്പം മുംബൈയില്‍ എത്തിയിട്ടുള്ളത്. മുംബൈയിലെ മലയാളികളും മത്സരത്തിനായുള്ള കാത്തിരിപ്പിലാണ്.