SHARE

ഇന്ത്യയിൽ നടക്കുന്ന കായിക മത്സരങ്ങളിൽ 50% ആരാധകരെ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ. കേന്ദ്ര യുവജന കാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഇതോടെ അടുത്ത വർഷം നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് ടീമിന്റെ ഇന്ത്യൻ പര്യടനത്തിലും, അടുത്ത എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിലും ആരാധകർക്ക് സ്റ്റേഡിയത്തിലിരുന്ന് കളി കാണാം. രാജ്യത്തെ കായിക പ്രേമികൾക്ക് വലിയ ആവേശം സമ്മാനിക്കുന്ന വാർത്തയാണിത്.

കായിക മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ എസ് ഒ പി (സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ അനുസരിച്ച് 50 ശതമാനം ഹാജർ സ്റ്റേഡിയങ്ങളിൽ അനുവദിച്ചിട്ടുണ്ടെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് മത്സരങ്ങളുടെ സംഘാടകർ ഉറപ്പ് വരുത്തേണ്ടതുണ്ട്‌‌. അതേ സമയം സ്റ്റേഡിയങ്ങളിൽ കാണികൾക്ക് പ്രവേശനം അനുവദിച്ചെങ്കിലും, ഇതിൽ അന്തിമ തീരുമാനമെടുക്കാനുള്ള അവകാശം സ്റ്റേഡിയങ്ങൾ നിലനിൽക്കുന്ന സ്ഥലങ്ങളിലെ പ്രാദേശിക അധികാരികൾക്കാവും. അതിനാൽ സ്റ്റേഡിയങ്ങളിൽ കാണികളെ പ്രവേശിക്കുന്നതിനായി പ്രാദേശിക അധികാരികളിൽ നിന്ന് ഐപിഎൽ മാനേജ്മെന്റ് കമ്മറ്റി മുൻകൂർ അനുമതി വാങ്ങേണ്ടതുണ്ട്‌. ഫെബ്രുവരിയിൽ ആരംഭിക്കാനിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലും ഈ മാനദണ്ഡങ്ങൾ ബാധകമാണ്‌‌. 4 ടെസ്റ്റുകളും, 3 ഏകദിനങ്ങളും, 5 ടി20 മത്സരങ്ങളുമാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ കളിക്കുന്നത്.