SHARE

ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കം. അർധ സെഞ്ചുറി പിന്നിട്ട് ബാറ്റ് ചെയ്യുന്ന യുവ ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ കരുത്തിൽ മുന്നേറുന്ന ടീം ഇന്ത്യ ആദ്യ ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 82/1 എന്ന നിലയിലാണ്‌. മയങ്ക് അഗർവാളിന്റെ വിക്കറ്റാണ് ആദ്യ ദിവസത്തെ ഒന്നാം സെഷനിൽ ടീമിന് നഷ്ടമായത്.

കാൺപൂരിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ അജിങ്ക്യ രഹാനെ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സ്കോർ ബോർഡിൽ 21 റൺസെത്തിയപ്പോൾ 13 റൺസെടുത്ത മയങ്ക് അഗർവാളിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ജൈൽ ജാമിസണായിരുന്നു ഈ വിക്കറ്റ്. പിന്നാലെയെത്തിയ ചേതേശ്വർ പുജാരയിൽ മികച്ച പങ്കാളിയെ കണ്ടെത്തിയ ഗിൽ ഉജ്ജ്വല ഫോമിൽ ബാറ്റ് ചെയ്തതോടെ ഇന്ത്യൻ സ്കോർ മുന്നോട്ട് കുതിച്ചു.

ഗിൽ ഇടക്ക് ബൗണ്ടറികൾ നേടി കാണികളെ കൈയ്യിലെടുത്തപ്പോൾ പതിവു പോലെ‌ ഇഴഞ്ഞു നീങ്ങിയാണ് പുജാര ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടു പോകുന്നത്. 87 പ‌ന്തിൽ 5 ബൗണ്ടറികളുടേയും, ഒരു‌ സിക്സറിന്റേയും സഹായത്തോടെ 52 റൺസെടുത്ത് ഗില്ലും, 61 പന്തിൽ 15 റൺസോടെ ചേതേശ്വർ പുജാരയുമാണ് നിലവിൽ ക്രീസിൽ.