SHARE

ഓസീസ് പര്യടനത്തിലെ തകർപ്പൻ ഫോം ഇന്ത്യയിലും മയങ്ക് അഗർവാൾ തുടർന്നപ്പോൾ വിദർഭയ്ക്കെതിരായ ഇറാനി കപ്പ് മത്സരത്തിൽ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക്‌ മികച്ച തുടക്കം. 92 റൺസ് നേടിയ മയങ്ക് അഗർവാളിന്റെ കരുത്തിൽ തകർപ്പൻ തുടക്കം നേടിയ റെസ്റ്റ് ഓഫ് ഇന്ത്യ മത്സരത്തിന്റെ അവസാന വിവരം ലഭിക്കുമ്പോൾ 172/2 എന്ന നിലയിലാണ്.

നാഗ്പൂരിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ റെസ്റ്റ് ഓഫ് ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 15 റൺസെടുത്ത ഓപ്പണർ അന്മോൾപ്രീത് സിംഗിന്റെ വിക്കറ്റ് തുടക്കം തന്നെ നഷ്ടമായെങ്കിലും മയങ്ക് അഗർവാളും, ഹനുമ വിഹാരിയും ഒത്തുചേർന്നതോടെ റെസ്റ്റ് ഓഫ് ഇന്ത്യ മികച്ച തുടക്കം നേടുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ ബൗണ്ടറികൾ കണ്ടെത്താൻ ഇരുവരും തുടങ്ങിയതോടെ ടീമിന്റെ സ്കോർ ബോർഡും അതിവേഗം ചലിച്ചു.

സെഞ്ചുറിയുറപ്പിച്ച് മുന്നേറുമ്പോളായിരുന്നു അഗർവാളിന്റെ വിക്കറ്റ് റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് നഷ്ടമായത്. പത്ത് ബൗണ്ടറികളും, മൂന്ന് തകർപ്പൻ സിക്സറുകളുമടക്കം 134 പന്തിൽ നിന്ന് 95 റൺസ് നേടിയാണ് താരം പുറത്തായത്. മത്സരത്തിന്റെ അവസാന വിവരം ലഭിക്കുമ്പോൾ 1 റൺസോടെ നായകൻ അജിങ്ക്യ രഹാനെയും, 52 റൺസോടെ ഹനുമ വിഹാരിയുമാണ് ക്രീസിൽ.