SHARE

വിശാഖപട്ടണത്ത് ഇന്ത്യയുമായി നടക്കുന്ന മൂന്നാംഏകദിന മത്സരത്തിൽ ശ്രീലങ്ക മികച്ച സ്കോറിലേക്ക്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട സന്ദർശകർ മത്സരത്തിന്റെ അവസാന വിവരം ലഭിക്കുമ്പോൾ 34 ഓവറിൽ 189-5 എന്ന നിലയിലാണ്. റണ്ണൊന്നുമെടുക്കാതെ തിസാര പെരേരയും, 7 റൺസെടുത്ത അസേല ഗുണരത്നെയുമാണ് നിലവിൽ ക്രീസിലുള്ളത്.

95 റൺസെടുത്ത ഓപ്പണർ ഉപുൽ തരംഗയും, 42 റൺസെടുത്ത സദീര സമരവിക്രമയുമാണ് ലങ്കൻ ഇന്നിംഗ്സിന് മികച്ച തുടക്കം നൽകിയത്. സ്കോർ പതിനഞ്ചിലെത്തിയപ്പോൾ 13 റൺസെടുത്ത ധനുഷ്ക ഗുണതിലകയുടെ വിക്കറ്റ് ലങ്കയ്ക്ക് നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന തരംഗ-സമര വിക്രമ സഖ്യം ആക്രമണം എതിർ പാളയത്തിലേക്ക് നയിക്കുകയായിരുന്നു‌. 121 റൺസിന്റെ കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് സൃഷ്ടിച്ചത്. 42 റൺസെടുത്ത സമരവിക്രമയെ വീഴ്ത്തി ചഹൽ ആ കൂട്ടുകെട്ട് പൊളിക്കുമ്പോൾ ലങ്കൻ സ്കോർ 136-2.

ഉറപ്പായിരുന്ന സെഞ്ചുറിയിലേക്ക് പോവുകയായിരുന്ന തരംഗയുടേതായിരുന്നു അടുത്ത ഊഴം. കുൽദീപ് യാദവിന്റെ ബോളിൽ ധോണിയുടെ സ്റ്റമ്പിംഗിൽ വിക്കറ്റ് നഷ്ടമാകുമ്പോൾ 82 പന്തുകളിൽ നിന്ന് 12 ഫോറുകളും 3 സിക്സറുമടക്കം 95 റൺസായിരുന്നു ലങ്കൻ ഓപ്പണറുടെ സമ്പാദ്യം. ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് രണ്ടും, ജസ്പ്രീത് ബുമ്ര, യുസ്വേന്ദ്ര ചഹൽ എന്നിവർ ഒന്നും വീതം വിക്കറ്റുകളും വീഴ്ത്തി.