SHARE

ഐഎസ്എല്ലിലെ പ്രായം കുറഞ്ഞ ഗോള്‍ സ്‌കോറര്‍ എന്നു വിശേഷിപ്പിച്ചിരുന്ന, പിന്നീട് പ്രായത്തട്ടിപ്പില്‍ കുടുങ്ങുകയും ചെയ്ത ഗൗരവ് മുഖിയുടെ സസ്‌പെന്‍ഷന്‍ അവസാനിച്ചു. താരത്തിന്റെ പുതിയ രജിസ്‌ട്രേഷന്‍ അംഗീകരിച്ചതായും ഇനിമുതല്‍ കളിക്കാനാകുമെന്നും അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി. ആറുമാസത്തേക്കായിരുന്നു വിലക്കുണ്ടായിരുന്നത്.

കഴിഞ്ഞവര്‍ഷം ഐഎസ്എല്ലില്‍ ജെംഷദ്പൂരിനായി കളിക്കുമ്പോഴാണ് മുഖി വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ബെംഗളൂരു എഫ്‌സിക്കെതിരേ ഗോള്‍ നേടുകയും ചെയ്തു. അന്ന് പ്രായം 16 മാത്രമാണെന്നായിരുന്നു കമന്റേറ്റര്‍മാര്‍ ഉള്‍പ്പെടെ പറഞ്ഞത്. വിവിധ മാധ്യമങ്ങള്‍ റെക്കോഡ് സംബന്ധിച്ച വിവരങ്ങള്‍ക്കായി എഐഎഫ്എഫിനെ സമീപിച്ചപ്പോഴാണ് കളളി വെളിച്ചത്തായത്.

2015ല്‍ നടന്ന ദേശീയ അണ്ടര്‍ 15 ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജാര്‍ഖണ്ഡിന്റെ താരമായിരുന്നു ഗൗരവ്. എന്നാല്‍ ടൂര്‍ണമെന്റ് വിജയിച്ച ജാര്‍ഖണ്ഡില്‍ നിന്നും പ്രായ തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ എഐഎഫ്എഫ് കിരീടം തിരിച്ചുവാങ്ങിയിരുന്നു. ഇതില്‍ പ്രായത്തട്ടിപ്പ് നടത്തിയവരില്‍ ഗൗരവും ഉണ്ടായിരുന്നു. എന്തായാലും പുതിയ നടപടികള്‍ മുഖിക്ക് ആശ്വാസം പകരും.