ധോണിയുടെ പകരക്കാരനെന്ന റോളില്‍ അവതരിപ്പിക്കപ്പെട്ട ഋഷഭ് പന്ത് ക്രീസില്‍ പരാജയപ്പെടുന്നത് തുടര്‍ക്കഥയാവുകയാണ്. മികച്ച ഫോം കണ്ടെത്താനാവാതെ പന്ത് വലയുമ്പോള്‍ പന്തിന്റെ മോശം പ്രകടനത്തിനു കാരണം ടീം മാനേജ്മെന്റാണെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം ഗൗതം ഗംഭീര്‍.
വ്യക്തിപരമായി താന്‍ സഞ്ജു വി സാംസണാണ് മുന്‍ തൂക്കം നല്കുന്നതെങ്കിലും പന്തിനോടുള്ള മാനേജ്മെന്റിന്റെ നിലപാട് ശരിയല്ലെന്ന് ഗംഭീര്‍ പറഞ്ഞു. പന്തിനെ വേദനിപ്പിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് അവര്‍ നടത്തുന്നത്. അവന് അശ്രദ്ധയുള്ള ബാറ്റ്സ്മാനാണെന്നും ഇനിയും നന്നായി കളിച്ചില്ലെങ്കില്‍ പുറത്തിരുത്തും എന്നൊക്കെ പറയുന്നു. ഇങ്ങനെയാണോ ഒരു യുവതാരത്തോട് പെരുമാറേണ്ടതെന്ന് ഗംഭിര്‍ ചോദിച്ചു.
ഇത് കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് കാരണമാവും എല്ലാവശങ്ങളില്‍ നിന്നുമുള്ള സമ്മര്‍ദ്ദങ്ങള്‍ കാരണം ഋഷഭ് റണ്‍സ് കണ്ടെത്തുക എന്നതിലുപരി നിലനില്‍പ്പിനു വേണ്ടി കളിക്കേണ്ടി വരുന്നുവെന്നും ഗംഭീര്‍ പറഞ്ഞു. ഈ സമയം ആ താരതത്തിന്റെ തോളില്‍ തട്ടി ‘നിന്നെ ഇന്ത്യന്‍ ടീമിനു വേണം’ എന്നു പറയുകയാണ് വേണ്ടതെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.