SHARE

മാര്‍ച്ച് 17നാണ് ബെംഗളുരു എഫ് സിയും ചെന്നൈയിന്‍ എഫ് സിയും തമ്മില്‍ ഐ എസ് എല്‍ നാലാം സീസണ്‍ ഫൈനല്‍ പോരാട്ടം നടക്കുന്നത്. ബെംഗളുരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന് വേണ്ടിയുള്ള ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ട്. ഇനി സ്റ്റേഡിയത്തില്‍ ആരാധകര്‍ക്കായി 7000ത്തോളം ടിക്കറ്റുകള്‍ വില്‍പ്പനയ്ക്ക് വെക്കും. ടിക്കറ്റ് ബുക്ക് ലഭിക്കുന്നതിന് ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് ആവശ്യമാണെന്നാണ് ഐ എസ് എല്‍ അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ബെംഗളുരു ടീം അധികൃതരുടെ വാക്കുകളാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കുന്നത്. കഴിഞ്ഞ നാലര വര്‍ഷത്തെ തങ്ങളുടെ മത്സരങ്ങള്‍ക്കിടയില്‍ കണ്ഠീരവ സ്റ്റേഡിയത്തില്‍ ടിക്കറ്റ് ലഭിക്കുന്നതിന് വേണ്ടി ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് ആവശ്യപ്പെട്ടിട്ടില്ലയെന്നാണ് ബെംഗളുരു അധികൃതര്‍ അറിയിച്ചത്. അതിനിടെ, ഐ ലീഗ്, ഐ എസ് എല്‍, എ എഫ് സി തുടങ്ങി 60 ഓളം മത്സരങ്ങള്‍ ബെംഗളുരുവില്‍ നടന്നിട്ടുണ്ടെന്നും പക്ഷേ ഇതുവരെ തങ്ങള്‍ ഐഡന്റിറ്റി കാര്‍ഡ് ആവശ്യപ്പെട്ടിട്ടില്ലെന്നും അങ്ങനെയൊരു നടപടിക്രമം ഇല്ലെന്നും ബെംഗളുരു ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ മന്ദര്‍ തംഹാനെ വ്യക്തമാക്കി.

എന്നാല്‍ ഈ നടപടി ടിക്കറ്റ് വിൽക്കുന്ന വെബ്‌സൈറ്റിന്റെ നിയമങ്ങളുടെ ഭാഗമാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. കഴിഞ്ഞ ഐ എസ് എല്‍ ഫൈനലിനും ഐഡന്റിറ്റി കാര്‍ഡ് ആവശ്യമായിരുന്നുവെന്നും പറയപ്പെടുന്നു. അത് കൊണ്ട് തന്നെ ഇത്തവണയും ടിക്കറ്റുകളെടുക്കാന്‍ ഐഡന്റിറ്റി കാര്‍ഡ് വേണ്ടിവരും. സീസണില്‍ ഐ ലീഗില്‍ നിന്ന് ഐ എസ് എല്ലിലെത്തിയ ബെംഗളുരു എഫ് സി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 18 മത്സരങ്ങളില്‍ നിന്ന് 40 പോയന്റോടെ ഒന്നാമന്‍മാരായാണ് അവര്‍ പ്ലേ ഓഫില്‍ കടന്നത്. സെമിഫൈനലില്‍ പൂനെയെയും അവര്‍ തോല്‍പ്പിച്ചു.

ചെന്നൈയിനാകട്ടെ, 18 കളികളില്‍ നിന്ന് 32 പോയന്റ് നേടി രണ്ടാം സ്ഥാനത്താണ് ആദ്യ റൗണ്ടില്‍ ഫിനിഷ് ചെ്‌യ്തത്. സെമിഫൈനലില്‍ ഗോവയെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ചെന്നൈയിന്‍ കരുത്തരായ ബെംഗളുരുവിനെ നേരിടാനൊരുങ്ങുന്നത്.