SHARE

അടുത്ത വർഷത്തെ ടി20 ലോകകപ്പ് മുൻ നിശ്ചയിച്ച പ്രകാരം ഇന്ത്യയിൽ തന്നെ നടക്കും. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മാറ്റി വെച്ച, ഓസ്ട്രേലിയയിൽ നടക്കാനിരുന്ന ഈ വർഷത്തെ ടി20 ലോകകപ്പ് 2022 ലാകും നടക്കുക. ഇക്കാര്യത്തിൽ ഇരു രാജ്യങ്ങളുടേയും ക്രിക്കറ്റ് ബോർഡുകൾ തമ്മിൽ ധാരണയിലെത്തി. 2023 ലെ ഏകദിന ലോകകപ്പിനും വേദിയാകുന്നത് ഇന്ത്യയാണ്‌. ഇതോടെ 3 വർഷങ്ങൾക്കുള്ളിൽ 2 ലോകകപ്പുകൾക്ക് രാജ്യം ആതിഥേയത്വം വഹിക്കും. രാജ്യത്തെ ക്രിക്കറ്റ് പ്രേമികൾക്ക് വലിയ ആവേശം സമ്മാനിക്കുന്ന വാർത്തയാണിത്.

ഓസ്ട്രേലിയയിൽ നടക്കാനിരുന്ന ഈ വർഷത്തെ ടി20 ലോകകപ്പ് കോവിഡിനെത്തുടർന്ന് നീട്ടി വെച്ചെങ്കിലും അത് എന്ന് നടത്തുമെന്ന കാര്യത്തിൽ നേരത്തെ വ്യക്തത വന്നിരുന്നില്ല. അടുത്ത വർഷമാകും മാറ്റി വെച്ച ലോകകപ്പ് നടക്കുക എന്നും, ഇതിനാൽ 2021 ൽ ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് 2022 ലേക്ക് മാറ്റുമെന്നും റിപ്പോർട്ടുകൾ വന്നു.

എന്നാൽ 2023 ലെ ഏകദിന ലോകകപ്പും ഇന്ത്യയിലായതിനാൽ തുടർച്ചയായ വർഷങ്ങളിൽ രാജ്യം ലോകകപ്പിന് വേദിയാകേണ്ടി വരും. ഇത് സ്പോൺസർമാരെ ഉൾപ്പെടെ കണ്ടുപിടിക്കുന്നതിൽ പ്രതിസന്ധി സൃഷ്ടിക്കാൻ സാധ്യതയുണ്ട്. അക്കാര്യം കൊണ്ട് തന്നെ ബിസിസിഐ, ക്രിക്കറ്റ് ഓസ്ട്രേലിയയുമായി ഇക്കാര്യത്തിൽ സംസാരിക്കുകയും ചർച്ചകൾക്ക് ശേഷം 2021ലെ ടി20 ലോകകപ്പ് ഇന്ത്യയിൽത്തന്നെ നടത്താൻ കഴിയും എന്ന കാര്യത്തിൽ ഉറപ്പ് വരുകയുമായിരുന്നു.

അതേ സമയം 2021 ജൂണിൽ നടക്കേണ്ടിയിരുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ മത്സരം കുറച്ചധികം നാൾ നീണ്ടു പോയേക്കുമെന്നാണ് കരുതപ്പെടുന്നത്.