SHARE

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റിലും ഇംഗ്ലണ്ടിന് രക്ഷയില്ല. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയർ നാലാം മത്സരത്തിലും മികച്ച സ്കോറിലേക്ക് കുതിക്കുകയാണ്. ഡേവിഡ് വാർണർ സെഞ്ചുറിയുമായി ടീമിന് മികച്ച തുടക്കം സമ്മാനിച്ച മത്സരത്തിന്റെ അവസാന വിവരം ലഭിക്കുമ്പോൾ അവർ 212-3 എന്ന നിലയിലാണ്.

ആക്രമണ ബാറ്റിംഗിലൂടെ സ്കോർ ഉയർത്തിയ ഡേവിഡ് വാർണർ ആയിരുന്നു ബോക്സിംഗ് ഡേ ടെസ്റ്റിന്റെ ആദ്യ ദിവസത്തെ താരം. തന്റെ എഴുപതാം മത്സരം കളിക്കുന്ന വാർണർ സെഞ്ചുറി നേടിയതിനൊപ്പം ടെസ്റ്റിൽ 6000 റൺസെന്ന നാഴികക്കല്ലും പിന്നിട്ടു. മികച്ച ഫോമിലുള്ള ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും മിച്ചൽ മാർഷുമാണ് നിലവിൽ ക്രീസിലുള്ളത്. ഇംഗ്ലണ്ടിനായി ജെയിംസ് ആൻഡേഴ്സൺ, സ്റ്റുവാർട്ട് ബ്രോഡ്, ക്രിസ് വോക്ക്സ് എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.

പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകളും ജയിച്ച ഓസ്ട്രേലിയ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. സ്റ്റാർ ബോളറായ മിച്ചൽ സ്റ്റാർക്ക് ഇല്ലാതെയാണ് ഓസീസ് ഇന്നത്തെ മത്സരം കളിക്കുന്നത്. ന്യൂസൗത്ത് വെയിൽസ് താരം ജാക്ക്സൺ ബേഡാണ് പകരക്കാരനായി അവസാന ഇലവനിലെത്തിയത്.