SHARE

ഐപിഎല്‍ പ്രേമികള്‍ക്ക് ചില സന്തോഷ വാര്‍ത്തകള്‍ അടുത്ത ദിവസങ്ങളില്‍ കേള്‍ക്കാനായേക്കാം. അടുത്ത ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ചില ഹോം മത്സരങ്ങള്‍ക്ക് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയായേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് ടീമുമായി നടത്തുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അന്തിമതീരുമാനം അടുത്തദിവസം തന്നെ പ്രതീക്ഷിക്കാമെന്നും കാര്യവട്ടം സ്റ്റേഡിയം സിഇഒ അജയ് പത്മനാഭന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഗ്രീന്‍ഫീല്‍ഡിലേക്ക് ഐപിഎല്‍ മത്സരങ്ങള്‍ എത്താന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞ നവംബര്‍ എട്ടിന് സ്‌പോര്‍ട്‌സ് മലയാളം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഐപിഎല്‍ വേദിക്കായി ചില ടീമുകളുമായി ചര്‍ച്ചയും നടത്തിയിരുന്നു. അന്ന് ചെന്നൈ, രാജസ്ഥാന്‍ ടീമുകളുടെ ഹോംമാച്ചുകള്‍ക്കായിട്ടാണ് കെസിഎ ശ്രമം നടത്തിയിരുന്നത്. തമിഴ്‌നാട്ടിലെ പ്രദേശങ്ങളുമായി അടുത്തു കിടക്കുന്നത് തന്നെയാണ് കാര്യവട്ടത്തോട് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് താല്പര്യം കൂടാന്‍ കാരണം.

തിരുവനന്തപുരത്ത് കൂടുതല്‍ പേര്‍ക്ക് കളി കാണാമെന്നതും അടിസ്ഥാന സൗകര്യങ്ങള്‍ക്കായി കൂടുതല്‍ പണം മുടക്കേണ്ടെന്ന പ്ലസ് പോയിന്റും ടീമിനെ ഇങ്ങോട്ട് ആകര്‍ഷിക്കും. മാത്രമല്ല, നവംബറില്‍ നടന്ന ഇന്ത്യന്യൂസിലന്‍ഡ് ട്വന്റി20 കാണാന്‍ നിരവധി ആരാധകരാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ഗ്രൗണ്ടിനെപ്പറ്റി വിരാട് കോഹ്ലി ഉള്‍പ്പെടെയുള്ളവര്‍ നല്കിയ മികച്ച അഭിപ്രായവും തിരുവനന്തപുരത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. ഉടന്‍ തന്നെ തീരുമാനം ഉണ്ടാകുമെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷനും പറയുന്നത്.