SHARE

ആഴ്ചയില്‍ നാല് ലക്ഷം യൂറോ പ്രതിഫലം നല്‍കിയാല്‍ കളിക്കാൻ തയ്യാറാണെന്ന് അത്ലറ്റിക്കോ മഡ്രിഡ് താരം അന്റോയിന്‍ ഗ്രിസ്‌മെന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. ദ സണ്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ട് പ്രകാരം , ആഴ്ചയില്‍ മൂന്ന് ലക്ഷം വരെ നല്‍കാമെന്ന് യുണൈറ്റഡ് വാഗ്ദാനം ചെയ്‌തെങ്കിലും ഗ്രീസ്‌മെൻ അത്‍ നിരാകരിച്ചു.

സീസണ്‍ തുടക്കത്തില്‍ തന്നെ ഫ്രഞ്ച് താരമായ ഗ്രീസ്‌മെന്‍ യുണൈറ്റഡിലെത്താന്‍ താല്‍പര്യം കാട്ടിയിരുന്നു. എന്നാല്‍ അന്നത് നടന്നില്ല. ഇപ്പോള്‍ അടുത്ത ട്രാന്‍സ്ഫര്‍ ജാലകത്തിൽ വീണ്ടും ഗ്രീസ്‌മെനായുള്ള ശ്രമം തുടര്‍ന്നു. എന്നാല്‍ ഇപ്പോള്‍ താരം ആവശ്യപ്പെടുന്ന തുക വളരെ വലുതും, അംഗീകരിക്കാനാകാത്തതാണെന്നും യുണൈറ്റഡ് അധികൃതര്‍ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

ഇതിനിടയില്‍ സ്പാനിഷ് ക്ലബ് ബാഴ്‌സലോണയും ഗ്രീസ്‌മെന് വേണ്ടി ശ്രമം നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ലിവര്‍പൂളിൽ നിന്ന് ഫിലിപ് കുട്ടിന്യോ എത്തിയതോടെ ഗ്രീസ്മെന് വേണ്ടിയുള്ള ശ്രമം ബാഴ്‌സ ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈ സീസണില്‍ ഇതുവരെ അത്ര മികച്ച പ്രകടനമല്ല, ഗ്രീസ്‌മെന്റേത്.

17 മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകളാണ് താരം നേടിയത്. അതേസമയം ചെല്‍സിയില്‍ നിന്ന് ഡിഗോ കോസ്റ്റയും മടങ്ങിയെത്തിയതോടെ, ഗ്രീസ്മെനുമായി ചേര്‍ത്ത് പുതിയ അക്രമണനിര വളര്‍ത്തിയെടുക്കാനുള്ള ശ്രമമാണ് അത്‌ലെറ്റിക്കോ പരിശീലകന്‍ ഡീഗോ സിമിയോണിയുടേത്.