SHARE

സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയിലേക്കെത്തുമെന്ന അഭ്യൂഹങ്ങൾക്കിടെ തന്റെ ഫുട്ബോൾ ഭാവി ഈയാഴ്ച വ്യക്തമാക്കുമെന്ന് പറഞ്ഞ് അത്ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രെഞ്ച് സൂപ്പർ താരം അന്റോയിൻ ഗ്രീസ്മൻ രംഗത്ത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബാഴ്സലോണയുമായി ബന്ധപ്പെടുത്തി ഗ്രീസ്മാന്റെ പേര് പറഞ്ഞ് കേൾക്കുന്നതിനിടെയാണ് ഇക്കാര്യത്തിൽ അഭിപ്രായവുമായി ഫ്രെഞ്ച് താരം രംഗത്തെത്തിയിരിക്കുന്നത്.

2014 ൽ ലാലീഗ ടീമായ അത്ലറ്റിക്കോ മാഡ്രിഡിലെത്തിയ ഗ്രീസ്മാന് 2022 വരെ അവരുമായി കരാറുണ്ടെങ്കിലും ഭീമൻ തുക നൽകി ഈ സീസണിൽ താരത്തെ അവിടുന്ന് റാഞ്ചാനാണ് ബാഴ്സയുടെ ശ്രമം. ഫ്രാൻസ് ദേശീയ ടീം പരിശീലകനായ ദിദിയർ ദെഷാംപ്സും ക്ലബ്ബ് ഫുട്ബോൾ ഭാവിയുടെ കാര്യത്തിൽ ഗ്രീസ്മാൻ ഈയാഴ്ച തീരുമാനമെടുക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ബുധനാഴ്ചയോടെ ഇക്കാര്യത്തിൽ താരം അന്തിമ തീരുമാനത്തിലെത്തും എന്നാണ് കരുതുന്നത്.

അമേരിക്കയുമായി നടന്ന ലോകകപ്പ് സന്നാഹ മത്സരത്തിൽ 1-1 ന് സമനില വഴങ്ങിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ലോകകപ്പ് ആരംഭിക്കുന്നതിന് മുന്നേ തന്റെ ഫുട്ബോൾ ഭാവിയുടെ കാര്യം തീരുമാനിക്കുമെന്ന് ഗ്രീസ്മാനും സൂചന നൽകി. ഈ വർഷത്തെ ലോകകപ്പിൽ കിരീട പ്രതീക്ഷകളുമായി എത്തുന്ന ഫ്രാൻസ് ടീമിന്റെ പ്രധാന കരുത്തുകളിൽ ഒന്നാണ് ഗ്രീസ്മാൻ. ഓസ്ട്രേലിയക്കെതിരെ ജൂൺ പതിനാറിന് നടക്കുന്ന മത്സരത്തോടെയാണ് ഫ്രാൻസ് ഈ ലോകപ്പിന് തുടക്കം കുറിക്കുന്നത്.