SHARE

മാഞ്ചസ്റ്റർ സിറ്റിയെ തുടർച്ചയായ രണ്ടാം പ്രീമിയർ ലീഗ് കിരീടത്തിലേക്ക് നയിച്ച‌ പെപ് ഗ്വാർഡിയോള തുടർച്ചയായ രണ്ടാം സീസണിലും പ്രീമിയർ ലീഗിലെ മികച്ച മാനേജർക്കുള്ള പുരസ്കാരം സ്വന്തമാക്കി. ചൊവ്വാഴ്ച വൈകിട്ടാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പോയ സീസണിലും ടീമിനെ ചാമ്പ്യന്മാരാക്കിയതായിരുന്നു പെപ്പിനെത്തേടി മികച്ച മാനേജർക്കുള്ള പുരസ്കാരമെത്താൻ കാരണം.

ലിവർപൂളുമായി നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിന്‌ ശേഷമായിരുന്നു മാഞ്ചസ്റ്റർ സിറ്റി ഇക്കുറി പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയത്. 98 പോയിന്റോടെ സിറ്റി കിരീടം ചൂടിയപ്പോൾ, ഒരു പോയിന്റ് മാത്രം പിന്നിലായിരുന്നു‌ രണ്ടാം സ്ഥാനക്കാരായ ലിവർപൂൾ. ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്പ്, ടോട്ടൻഹാം പരിശീലകൻ പൊച്ചട്ടീനോ, വോൾവ്സ് പരിശീലകൻ നുനോ എസ്പിറിറ്റോ സാന്റോ എന്നിവരായിരുന്നു പെപ്പിനൊപ്പം മികച്ച മാനേജറാകാനുള്ള മത്സരത്തിൽ ഒപ്പമുണ്ടായിരുന്നത്‌.