SHARE

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഐസ്‌ലന്‍ഡ് താരം ഗുഡ്‌ജോണ്‍ ബാഡ്‌വിന്‍സണ് കേരളവും ഇവിടുത്തെ ആരാധകരെയുമെല്ലാം പെരുത്തിഷ്ടമാണ്. എന്നാല്‍ ഒരൊറ്റ കാര്യത്തില്‍ മാത്രം ഈ 31കാരന്‍ അടിപതറി പോയി. മറ്റൊന്നുമല്ല, ഇന്ത്യയിലെ കനത്ത ചൂടു തന്നെ. ഇത്തരമൊരു കാലവസ്ഥയില്‍ താന്‍ കളിക്കുന്നത് ആദ്യമായിട്ടാണെന്നാണ് താരം മാതൃഭൂമി ദിനപത്രത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്.

കൊച്ചിയില്‍ കളിക്കാനെത്തിയപ്പോള്‍ ആദ്യ പ്രതിസന്ധി ഇവിടുത്തെ ചൂടായിരുന്നു. നാട്ടില്‍ മൈനസ് എട്ടു ഡിഗ്രി സെല്‍ഷ്യസിലൊക്കെയാണ് ഞാന്‍ കളിച്ചിരുന്നത്. ഇവിടെ വന്നപ്പോള്‍ ശ്വാസമെടുക്കുന്നതിനു വരെ വലിയ ബുദ്ധിമുട്ടായി. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ പകരക്കാരനായി കളിക്കാനിറങ്ങുന്നതിനു മുമ്പ് വലിയ തയ്യാറെടുപ്പുകളാണ് നടത്തിയത്. ഇവിടുത്തെ കാലാവസ്ഥയോടും സാഹചര്യങ്ങളോടും പൊരുത്തപ്പെടല്‍ വലിയ പ്രയാസമായിരുന്നു.

മലയാളിതാരം സി.കെ. വിനീതിനെയും പുതുമുഖ താരം ദീപേന്ദ്ര നേഗിയെയും പ്രശംസിക്കാനും ബാഡ്‌വിന്‍സണ്‍ മറന്നില്ല. പൂനെയ്‌ക്കെതിരേ വിനീത് നേടിയത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗോളായിരുന്നു. അത്തരം ഗോളുകള്‍ ഒരു ടീമിന് സമ്മാനിക്കുന്ന ഊര്‍ജം വലുതാണ്. നാലു മാസം മാത്രം പ്രായമായ കുഞ്ഞിനൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കാത്തതാണ് തനിക്കേറ്റവും വിഷമമെന്ന് എപ്പോഴും പുഞ്ചിരി സൂക്ഷിക്കുന്ന ഈ ഐസ്‌ലന്‍ഡുകാരന്‍ പറയുന്നു.