SHARE

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഐസ്‌ലന്‍ഡ് താരം ഗുഡ്ജോൺ ബാല്‍ഡ്‌വില്‍സണ്‍ സൂപ്പര്‍ കപ്പിന് മുമ്പ് ടീം വിട്ടേക്കും. ഐസ്‌ലന്‍ഡിലെ ടോപ് ഡിവിഷന്‍ ലീഗില്‍ കളിക്കുന്ന സ്ജാര്‍നന്‍ എഫ് സി താരമായ ഗുഡ്‌ജോണ്‍  മാര്‍ച്ച് 31 വരെ ലോണിലൂടെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്. ഏപ്രില്‍ അവസാനം ഐസ്‌ലന്‍ഡിലെ ഫുട്‌ബോള്‍ ലീഗ് തുടങ്ങാനിരിക്കേ, ഗുഡ്‌ജോണ്‍ നാട്ടിലേക്ക് മടങ്ങുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

സൂപ്പര്‍ കപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഏപ്രില്‍ ആറിനാണ് ഐ ലീഗിലെ രണ്ടാമന്‍മാരായ നെറോക്ക എഫ് സിയുമായി ബ്ലാസ്റ്റേഴ്‌സ് ഏറ്റുമുട്ടുന്നത്. സൂപ്പര്‍ കപ്പ് മത്സരങ്ങളില്‍ ഒരേ സമയം അഞ്ചു വിദേശതാരങ്ങളെ കളത്തിലിറക്കാമെന്ന് ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ടീമില്‍ നിലവില്‍ ആകെ ആറു വിദേശതാരങ്ങള്‍ മാത്രമുള്ള അവസ്ഥയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്.  ഇയാൻ ഹ്യൂം, പോള്‍ റച്ചുബ്ക്ക, വെസ് ബ്രൗണ്‍, നെമാഞ്ച ലാകിച്ച് പെസിച്ച്, കറേജ് പെക്കുസണ്‍, വിക്ടര്‍ പുള്‍ഗ തുടങ്ങിയവരാണ് ടീമിനൊപ്പമുള്ള വിദേശ താരങ്ങള്‍. ഇതിൽ ഹ്യൂം പരുക്കേറ്റ് സർജറിക്ക് ശേഷം വിശ്രമത്തിലാണ്. അദ്ദേഹത്തിന് സൂപ്പർ കപ്പിൽ കളിക്കാൻ കഴിയുമോയെന്ന കാര്യം സംശയത്തിലാണ്.

നേരത്തെ പരുക്കേറ്റ ഉഗാണ്ടന്‍ താരം കെസിറോണ്‍ കിസീറ്റോ നാട്ടിലേക്ക് മടങ്ങിയിരുന്നു. അടുത്ത സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിലേക്ക് തിരിച്ചെത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്ന താരത്തിന് സ്‌പെയിനില്‍ നിന്നും ചെക്ക് റിപ്പബ്ലിക്കില്‍ നിന്നുള്ള ക്ലബുകള്‍ വന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നാലാം സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിലുണ്ടായിരുന്ന ബള്‍ഗേറിയന്‍ താരം ദിമിറ്റര്‍ ബെര്‍ബറ്റോവ് കോച്ചിനെ വിമര്‍ശിച്ച് ടീം വിടുകയും ചെയ്തു. മറ്റൊരു വിദേശതാരമായിരുന്ന മാർക്ക് സിഫ്നിയോസ് ബ്ലാസ്റ്റേഴ്സ് വിട്ട് എഫ് ഗോവയിലെത്തുകയും ചെയ്തു.

ഈ സാഹചര്യത്തില്‍ സൂപ്പര്‍ കപ്പില്‍ സമാനതകളില്ലാത്ത വെല്ലുവിളികളാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്. നേരത്തെ കോച്ച് ഡേവിഡ് ജെയിംസുമായും യുവതാരം ലാല്‍റുവാത്താരയുമായുമുള്ള കരാര്‍ ബ്ലാസ്‌റ്റേഴ്‌സ് മൂന്നു വര്‍ഷത്തേക്ക് നീട്ടിയിരുന്നു. പല യുവതാരങ്ങളെയും ടീമിലെത്തിക്കാനുള്ള നീക്കവും ബ്ലാസ്റ്റേഴ്‌സ് നടത്തുന്നുണ്ട്. എന്നാൽ സൂപ്പർ കപ്പ് മത്സരത്തിൽ ഒരേ സമയം അഞ്ചു വിദേശ താരങ്ങളെ കളത്തിലിറക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിയുമോയെന്ന കാര്യം സംശയമാണ്.