SHARE

യൂറോപ്യൻ ഫുട്ബോളിൽ മികച്ച യുവതാരത്തിന് നൽകുന്ന ​ഗോൾഡൻ ബോയ് പുരസ്കാരം നോർവീജയൻ മുന്നേറ്റതാരം എർലിങ് ഹലാൻഡിന്. ജർമൻ സൂപ്പർ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനായി നടത്തുന്ന തകർപ്പൻ പ്രകടനത്തോടെയാണ് ഹലാൻഡ് ഈ പുരസ്കാരം സ്വന്തം പേരിലാക്കുന്നത്.

കഴിഞ്ഞ സീസണിൽ ഡോർട്ട്മുണ്ടിന് പുറമെ ഓസ്ട്രിയൻ ക്ലബ് റെഡ്ബുൾ സാൽസ്ബർ​ഗിനായും ഹലാൻഡ് കളിച്ചിരുന്നു. ആ സീസണിലാകെ 44 ​ഗോളുകളാണ് ഹലാൻഡ് നേടിയത്. ഇക്കുറി ഇതുവരെ എല്ലാ പോരാട്ടങ്ങളിൽ നിന്നുമായി ഡോർട്ട്മുണ്ട് ജേഴ്സിയിൽ 11 ​ഗോളുകൾ ഹലാൻഡ് നേടി. ബാഴ്സലോണയുടെ സ്പാനിഷ് താരം അൻസു ഫാറ്റിയാണ് പുരസ്കാരവോട്ടിങ്ങിൽ രണ്ടാമതെത്തിയത്. ബയേൺ മ്യൂണിച്ചിന്റെ കനേഡിയൻ താരം അൽഫോൻസോ ഡേവിസ് മൂന്നാം സ്ഥാനത്തുമായി.

ഇറ്റാലിയൻ പത്രമായ ടൂട്ടോസ്പോർട്ടാണ് ഈ പുരസ്കാരം നൽകുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നാം ഡിവിഷനുകളിൽ കളിക്കുന്ന 21 വയസിൽ താഴയുള്ള താരത്തെയാണ് ഈ പുരസ്കാരത്തിനായി പരി​ഗണിക്കുക. കഴിഞ്ഞ വർഷം അത്ലെറ്റിക്കോ മഡ്രിഡിന്റെ പോർച്ചു​ഗീസ് താരം ജാവോ ഫെലിക്സാണ് ഈ പുരസ്കാരം സ്വന്തമാക്കിയത്.