ജർമൻ സൂപ്പർ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനോട് വിടപറയുകയാണ് നോർവീജിയൻ സ്ട്രൈക്കർ എർലിങ് ഹലാൻഡ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടിയാണ് ഹലാൻഡ് അടുത്ത സീസണിൽ പന്ത് തട്ടുക. താരത്തിന്റെ പിതാവ് ആൽഫ് ഇങ് ഹലാൻഡ് മുമ്പ് കളിച്ചിട്ടുള്ള ക്ലബ് കൂടിയാണ് സിറ്റി.
സിറ്റിയിലേക്ക് കൂടുമാറുന്നതിന് മുന്നോടിയായി ഹലാൻഡ് ഡോർട്ട്മുണ്ട് ടീമിനോട് വിടുപറഞ്ഞു. സ്ക്വാഡിലെ സഹതാരങ്ങളോടും സ്റ്റാഫുകളോടും വെറുതെയങ് ഗുഡ്ബൈ പറഞ്ഞ് പോകുകയല്ല ചെയ്തത് ഹലാൻഡ്. ഓരോരുത്തർക്കും ആഡംബര സമ്മാനങ്ങളും ഹലാൻഡ് നൽകി.
ജർമൻ മാധ്യമമായ ബിൽഡിന്റെ റിപ്പോർട്ട് അനുസരിച്ച് ഡോർട്ട്മുണ്ടിലെ 33 സഹതരാങ്ങൾക്കും വൻവിലയുള്ള റോളക്സ് വാച്ചുകളാണ് ഹലാൻഡ് സമ്മാനിച്ചത്. 15,000-ഓളം യൂറോ വിലവരുന്നതാണ് ഓരോ വാച്ചുമെന്നാണ് റിപ്പോർട്ടുകൾ. മറ്റ് സ്റ്റാഫുകൾക്കും വാച്ച് തന്നെയാണ് ഹലാൻഡിന്റെ സമ്മാനം. എന്നാൽ റോളക്സിന് പകരം ഒമേഗ വാച്ചുകളാണ് ഈ 21-കാരൻ അവർക്ക് സമ്മാനിച്ചത്. 7000-ഓളം യൂറോയാണ് ഈ വാച്ചുകളുടെ വിലയെന്നാണ് സൂചന.