SHARE

കൽക്കട്ട ഫുട്ബോൾ ലീ​ഗിൽ നിന്നും ഡ്യൂറാൻഡ് കപ്പിൽ നിന്നും വിട്ടുനിൽക്കാനുള്ള സൂപ്പർക്ലബുകളായ എടികെ മോഹൻ ബ​ഗാന്റേയും ഈസ്റ്റ് ബം​ഗാളിന്റേയും തീരുമാനം വലിയ പ്രാദേശിക പ്രതിഷേധം വരുത്തിവച്ചിരുന്നു. ഈസ്റ്റ് ബം​ഗാളിൽ കടുത്ത ആഭ്യന്തര പ്രതസന്ധി ഉണ്ടായിരുന്നതിനാലാണ് പ്രാദേശിക ടൂർണമെന്റുകളിൽ കളിക്കില്ലെന്ന് തീരുമാനിച്ചത്. എന്നാൽ ഒരു പ്രശ്നവുമില്ലാതിരുന്നിട്ടും ബ​ഗാൻ പിന്മാറിയത് വലിയ പ്രതിഷേധത്തിന് കാരണമായി.

ഏഎഫ്സി കപ്പ് പോരാട്ടങ്ങൾ കഴിഞ്ഞതിന് പിന്നാലെ ബ​ഗാന്റെ താരങ്ങൾക്കും പരിശീലകർക്കും ഇടവേള അനുവദിക്കുകയായിരുന്നു. ബ​ഗാൻ പരിശീലകൻ അന്റോണിയോ ലോപ്പസ് ഹബാസിന് പ്രാദേശിക ടൂർണമെന്റുകളിൽ കളിക്കുന്നതിനോട് വലിയ താൽപര്യമില്ലെന്നത് പരസ്യമായ കാര്യമാണ്. എന്നാൽ അത് മാത്രമല്ല കളിക്കാരുടെ കുറവ് കൂടിയാണ് ഈ ടൂർണമെന്റുകളിൽ നിന്ന് പിന്മാറാൻ കാരണമെന്ന് ഹബാസ് വ്യക്തമാക്കുന്നു.

ഏഎഫ്സി കപ്പായിരുന്നു ഞങ്ങൾക്ക് പ്രധാനപ്പെട്ടത്, മാത്രവുമല്ല ഞങ്ങൾക്ക് ആവശ്യത്തിന് കളിക്കാരുമില്ലായിരുന്നു, മാലിദ്വീപിൽ മൂന്ന് ഏഎഫ്സി കപ്പ് മത്സരങ്ങൾ കളിച്ചത് മൂന്ന് ​ഗോളിമാരടക്കം വെറും 21 താരങ്ങളുമായാണ്, ഇത്രയും താരങ്ങളെ മാത്രം വച്ച് ഞങ്ങളെങ്ങനെ മൂന്ന് ടൂർണമെന്റുകൾ കളിക്കും, ഹബാസ് ദ ടെല്​ഗ്രാഫ് ഇന്ത്യയോട് സ്പെയിനിൽ നിന്ന് പറഞ്ഞു.

കളിക്കാരുടെ കുറവ് മാത്രമല്ല പ്രശ്നം, ഇന്ത്യയിൽ ഫുട്ബോളിന്റെ നിലവാരം ഇനിയുമുയരാനുണ്ട്, എന്നാൽ പ്രൊഫഷണൽ ടീമുകൾ പ്രൊഫഷണല്ലാത്ത ടീമുകൾക്കെതിരെ മത്സരിക്കുന്ന ഇത്തരത്തിലുള്ള ടൂർണമെന്റുകൾ ഇന്ത്യൻ ഫുട്ബോളിന് ഒരു ​ഗുണവും ചെയ്യില്ലന്നാണ് ഞാൻ കരുതുന്നത്, എനിക്കിത് ഇന്ത്യയിൽ ആരാമത്തെ സീസണാണ്, ഞാനിതുവരെ ഇത്തരം ടൂർണമെന്റുകൾ കളിച്ചിട്ടില്ല, ഇപ്പോൾ നിങ്ങൾക്കെന്താണ് വേണ്ടത്, ഞങ്ങൾ ഏഎഫ്സി പോരാട്ടങ്ങൾ കളിക്കുന്നത് നിർത്തി പ്രാദേശികൾ ടൂർണമെന്റുകൾ കളിക്കണോ, ഹബാസ് അതൃപ്തി പരസ്യമാക്കി.