SHARE

ഇക്കഴിഞ്ഞ ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ പലരും പ്രതീക്ഷിച്ചിരുന്നതായിരുന്നു ചെൽസി താരം ഒളിവർ ജിറൂഡിന്റെ ക്ലബ് മാറ്റം. പല ക്ലബുകളും താരത്തിനായി രം​ഗത്തെത്തിയിരുന്നെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പക്ഷെ ഒന്നും നടന്നില്ല, ഫ്രഞ്ച് താരമായ ജിറൂഡ് ചെൽസിയിൽ തന്നെ തുടരുകയാണിപ്പോഴും.

എന്നാലിപ്പോൾ ജനുവരിയിൽ തനിക്ക് ലഭിച്ച വാ​ഗ്ദാനങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം ജിറൂഡ് വെളിപ്പെടുത്തി. ഇറ്റാലിയൻ സൂപ്പർ ക്ലബുകളായ ഇന്റർ മിലാൻ, ലാസിയോ ഇം​ഗ്ലീഷ് ക്ലബ് ടോട്ടനം ഹോട്സ്പർസ് എന്നീ മൂന്ന് ടീമുകളാണ് തന്നെ സമീപിച്ചതെന്നാണ് ജിറൂഡ് പറയുന്നത്. ഇതിൽ തന്നെ മുൻ ചെൽസി പരിശീലകൻ അന്റോണിയോ കോണ്ടെ ഇപ്പോഴുള്ള ഇന്റർ മിലാന്റെ ഓഫറാണ് തനിക്ക് ഏറ്റവും മികച്ചതെന്ന് തോന്നിയതെന്നും ഒരു ഘട്ടത്തിൽ കോണ്ടെയുമായി സംസാരിക്കുക വരെയുണ്ടായെന്നും ജിറൂഡ് ടിലിഫൂട്ടിനോട് പറഞ്ഞു.

ഈ വർഷം ജൂലൈയിൽ ചെൽസിക്കൊപ്പമുള്ള ജിറൂഡിന്റ കരാർ അവസാനിക്കും. ഇതോടെ ജനുവരിയിൽ തന്നെ വിവിധ ക്ലബുകളുമായി ചർച്ച തുടങ്ങിയരുന്നു. എന്നാൽ പകരക്കാരനെ കണ്ടെത്താനായാൽ മാത്രമെ ജിറൂഡിനെ ക്ലബ് വിടാൻ അനുവദിക്കൂ എന്ന് ചെൽസി നിലപാടെടുത്തതോടെയാണ് ട്രാൻസ്ഫർ പരാജയപ്പെട്ടത്.