SHARE

വിശാഖപട്ടണത്ത് ശ്രീലങ്കയുമായി നടക്കുന്ന മൂന്നാം ഏകദിന മത്സരത്തിൽ സന്ദർശകർ ഉയർത്തിയ 216 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കം. അർദ്ധ സെഞ്ചുറികൾ നേടിയ ശ്രേയസ് അയ്യറിന്റെയും, ശിഖാർ ധവാന്റെയും കരുത്തിൽ ഇന്ത്യൻ സ്കോർ അനായാസം 100 പിന്നിട്ട് കഴിഞ്ഞു.

കഴിഞ്ഞ മത്സരത്തിലെ ഇരട്ട സെഞ്ചുറി വീരൻ രോഹിത് ശർമ്മയുടെ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായെങ്കിലും ഇന്ത്യൻ ബാറ്റിംഗിനെ അത് ബാധിച്ചതേയില്ല. മൊഹാലിയിൽ, കഴിഞ്ഞ കളിയിൽ അവസാനിപ്പിച്ചിടത്ത് നിന്ന് തുടങ്ങിയ യുവതാരം ശ്രേയസ് അയ്യറിന് മുന്നിൽ ശ്രീലങ്കൻ ബോളർമാർ കളി മറക്കുകയായിരുന്നു. ആക്രമണ ശൈലിയിൽ ബാറ്റ് ചെയ്ത അയ്യർ, 63 പന്തുകളിൽ നിന്ന് 8 ഫോറുകളും ഒരു സിക്സറും അടക്കം 65 റൺസെടുത്താണ് പുറത്തായത്. മൂന്നാം ഏകദിനം മാത്രം കളിക്കുന്ന മുംബൈ താരത്തിന്റെ രണ്ടാം അർദ്ധ സെഞ്ചുറിയാണിത്.

മറുവശത്ത് ഓപ്പണർ ശിഖാർ ധവാനും മികച്ച ബാറ്റിംഗ് പുറത്തെടുത്തതോടെ ഇന്ത്യൻ സ്കോർ അനായാസം കുതിക്കുകയായിരുന്നു. മത്സരത്തിന്റെ അവസാന റിപ്പോർട്ട് ലഭിക്കുമ്പോൾ 25 ഓവറുകളിൽ 159-2 എന്ന നിലയിലാണ് ടീം ഇന്ത്യ. 7 റൺസുമായി ദിനേഷ് കാർത്തിക്കും, 61 റൺസുമായി ശിഖാർ ധവാനുമാണ് ക്രീസിലുള്ളത്. മത്സരത്തിൽ ജയിക്കാനായി 25 ഓവറുകളിൽ 57 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് ഇനി വേണ്ടത്.

നേരത്തെ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 215 റൺസിന് എല്ലാവരും പുറത്തായിരുന്നു. 3 വിക്കറ്റുകൾ വീതം വീഴ്ത്തിയ കുൽദീപ് യാദവും, യുസ്വേന്ദ്ര ചഹലുമാണ് ലങ്കൻ നിരയുടെ അന്തകരായത്. നിലവിൽ ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ച് പരമ്പരയിൽ തുല്യത പാലിക്കുന്നതിനാൽ വിശാഖപട്ടണത്ത് ജയിക്കുന്നവരാകും പരമ്പര സ്വന്തമാക്കുക.