SHARE

യുവേഫ ചാമ്പ്യൻസ് ലീ​ഗിന്റെ പ്രീക്വാർട്ടർ ഘട്ടം പൂർത്തിയപ്പോൾ തലയുയർത്തി നിൽക്കുന്നത് ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗാണ്. ഇക്കുറി യൂറോപ്യൻ പോരാട്ടത്തിനറങ്ങിയ നാല് ഇം​ഗ്ലീഷ് ക്ലബുകളും ക്വാർട്ടർ ഫൈനലിലേക്ക് യോ​ഗ്യത നേടി. ഒന്നിലേറെ ടീമുകൾ ക്വാർട്ടറിൽ ഇടംപിടിച്ച ഏക ലീ​ഗും പ്രീമിയർ ലീ​ഗ് തന്നെ

ടോട്ടനം ഹോട്സ്പർസ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ എന്നിവരാണ് ഇക്കുറി അവസാന എട്ടിൽ കളിക്കുന്നത്. 2008-09 സീസണിന് ശേഷം ആദ്യമായാണ് നാല് ഇം​ഗ്ലീഷ് ക്ലബുകൾ ക്വാർട്ടറിലെത്തുന്നത്. ജർമൻ കരുത്തരായ ബൊറൂസിയ ഡോർട്ട്മുണ്ടിനെ തകർത്താണ് ടോട്ടനം ക്വാർട്ടർ ഉറപ്പിച്ച്. മാഞ്ചസ്റ്റർ സിറ്റിയാകട്ടെ ജർമൻ ക്ലബ് തന്നെയായ ഷാൽക്കെയെ ആധികാരകമായി കീഴടക്കിയാണ് ക്വാർട്ടർ ബെർത്ത് ഉറപ്പാക്കിയത്

അതേസമയം രണ്ടാം പാദത്തിൽ എവേ ​ഗ്രൗണ്ടിൽ അട്ടിമറി ജയം നേടിയാണ് യുണൈറ്റഡും ലിവർപൂളും അവസാന എട്ടിലെത്തിയത്. യുണൈറ്റഡ് പി.എസ്.ജിയേയും ലിവർപൂൾ ബയേണിനേയുമാണ് തകർത്തത്. നെതർലൻഡ് ക്ലബ് അയാക്സ്, പോർച്ചു​ഗീസ് ക്ലബ് പോർട്ടോ, ഇറ്റാലിയൻ ക്ലബ് യുവന്റസ്, സ്പാനിഷ് ക്ലബ് ബാഴ്സലോണ എന്നിവരാണ് ക്വാർട്ടറിലിടം നേടിയ മറ്റുള്ളവർ