SHARE

ഇന്ത്യയ്ക്കെതിരെ കൊൽക്കത്തയിൽ നടന്ന് കൊണ്ടിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ ആദ്യ പകുതിയിൽ ബംഗ്ലാദേശ് 1-0 ന് മുന്നിട്ട് നിൽക്കുന്നു. നാൽപ്പത്തിരണ്ടാം മിനുറ്റിൽ ഹെഡറിലൂടെ സാദ് ഉദ്ദീനായിരുന്നു ബംഗ്ലാദേശിന് വേണ്ടി‌സ്കോർ ചെയ്തത്. ഫ്രീകിക്കിൽ നിന്ന് വന്ന പന്ത് പിടിച്ചെടുക്കുന്നതിൽ ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിന് പിഴച്ചതാണ് ബംഗ്ലാദേശിന്റെ ഗോളിലേക്ക് വഴിതുറന്നത്.

കൊൽക്കത്തയിലെ തിങ്ങിനിറഞ്ഞ ഇന്ത്യൻ ആരാധകർക്ക് മുന്നിൽ ആരംഭിച്ച മത്സരത്തിന്റെ മൂന്നാം മിനുറ്റിൽ ആതിഥേയരുടെ ആദ്യ മുന്നേറ്റമെത്തി. എന്നാൽ നായകൻ സുനിൽ ഛേത്രിയടിച്ച ഷോട്ടിന് മുന്നിൽ ബംഗ്ലാദേശ് ഗോൾകീപ്പർ തടസമായി‌ പത്താം മിനുറ്റിൽ ആതിഥേയർക്ക് കോർണർ ലഭിച്ചെങ്കിലും അതിൽ നിന്ന് എതിരാളികൾക്ക് അപകടം സൃഷ്ടിക്കാനായില്ല. പതിനേഴാം മിനുറ്റിൽ കോർണറിൽ നിന്ന് ഗോൾ നേടാനുള്ള രാഹുൽ ഭേകെയുടെ ശ്രമവും വിഫലമായി. മത്സരം പുരോഗമിക്കുന്തോറും ഇരു ടീമുകളും ആക്രമിച്ച് കളിക്കാൻ തുടങ്ങി. ആദ്യ പകുതിയുടെ ‌പാതിസമയം പിന്നിട്ടപ്പോൾ ഇന്ത്യയ്ക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. തന്ത്രപരമായി ഫ്രീകിക്ക് ഗോളിലെത്തിക്കാൻ ഇന്ത്യൻ താരങ്ങൾ ശ്രമിച്ചെങ്കിലും അതുംഫലപ്രാപ്തിയിലെത്തിയില്ല.

മുപ്പത്തിയൊന്നാം മിനുറ്റിൽ ആദിൽ ഖാൻ വരുത്തിയ പിഴവ് ഇന്ത്യയ്ക്ക് തിരിച്ചടിയാവേണ്ടതായിരുന്നെങ്കിലും, സന്ധുവിന്റെ നിർണായക സേവ് ഇന്ത്യയുടെ രക്ഷയ്ക്കെത്തി. മൂന്ന് മിനുറ്റുകൾക്ക് ശേഷം ഇന്ത്യയുടെ ഭാഗത്ത് നിന്നും മികച്ചൊരു ഗോൾ ശ്രമമുണ്ടായി. രാഹുൽ ഭേക്കെയുടെ നീളൻ ത്രോയിൽ നിന്ന് ഗോൾ നേടാനുള്ള മൻ വീർ സിംഗിന്റെ നീക്കം ഫിംഗർ ടിപ്പ് സേവിലൂടെ ബംഗ്ലാദേശ് ഗോൾകീപ്പർ പക്ഷേ തടഞ്ഞു. നാൽപ്പത്തിരണ്ടാം മിനുറ്റിൽ ബംഗ്ലാദേശിന്റെ ഗോൾ പിറന്നു. സന്ദർശകർക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് തടയാൻ മുന്നോട്ട് കയറിയ ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിന്റെ കണക്ക് കൂട്ടലുകൾ തെറ്റിയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ആദിൽ ഖാനുമായി കൂട്ടിയിടിച്ച സന്ധുവിന് പന്ത് തടയാനായില്ല‌. അവസരം മുതലെടുത്ത സാദ് ഉദ്ദീൻ ഹെഡറിലൂടെ പന്ത് ഗോളിലേക്ക് തിരിച്ച് വിടുകയായിരുന്നു. ആദ്യ പകുതിയിൽ ബംഗ്ലാദേശ് ഒരു ഗോളിന് മുന്നിൽ.