SHARE

പതിനൊന്നാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫിലെത്താൻ ഇനിയുള്ള മത്സരങ്ങളെല്ലാം രാജസ്ഥാൻ റോയൽസിന് ഏറെ നിർണായകമാണ്. സീസണിന്റെ ആദ്യ പകുതിയിൽ ടീമിലെ വിദേശതാരങ്ങൾ മോശംഫോമിലായിരുന്നതാണ് രാജസ്ഥാന്‌ വിനയായത്. എന്നാൽ പതുക്കെ അവസരത്തിനൊത്തുയർന്ന അവർ സീസണിന്റെ അവസാന ഘട്ടമെത്തിയപ്പോളേക്കും ടീമിനെ വിജയ വഴിയിലെത്തിച്ചു. ബെൻ സ്റ്റോക്ക്സ്, ജോസ് ബട്ലർ, ഡാർസി ഷോർട്ട് തുടങ്ങിയ മികച്ച വിദേശതാരങ്ങളുണ്ടെങ്കിലും രാജസ്ഥാൻ പരിശീലകൻ ഷെയിൻ വോണിനെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന വിദേശ താരം ടീമിലെ വെസ്റ്റിന്ത്യൻ ഓൾ റൗണ്ടർ ജോഫ്ര ആർക്കറാണ്.

ജോഫ്ര ആർക്കർ

രാജസ്ഥാൻ, ഫോമിലേക്കെത്തിയത് ആർക്കറിന്റെ വരവോടെയാണെന്ന് വോൺ പറയുന്നു. ടീമിൽ ചേർന്നത് മുതൽ തകർപ്പൻ പ്രകടനമാണ് ആർക്കർ കാഴ്ചവെക്കുന്നത്, യോർക്കറുകൾ എറിയാനുള്ള കഴിവും, ഡെത്ത് ഓവറുകളിൽ പന്തെറിയാനുള്ള പ്രത്യേക വൈദഗ്ദ്യവും ആർക്കറിന്റെ കരുത്താണ്. ആർക്കർ ഒരു ക്ലാസ് ക്രിക്കറ്ററാണ്. ഇത് പോലൊരു താരം ഒപ്പമുള്ളപ്പോൾ തങ്ങളുടെ പ്ലേ ഓഫ് സാധ്യതകളും വളരെ വലുതാണ്. സീസണിലെ ആദ്യ മത്സരങ്ങളിൽ കളിക്കാൻ ആർക്കറിന് കഴിയാതിരുന്നത് ഇപ്പോൾ ടീമിനെ നിരാശപ്പെടുത്തുന്നുണ്ട്. വോൺ പറഞ്ഞു.

-Advertisement-

അതേ സമയം ടൂർണമെന്റ് പാതിഘട്ടമെത്തിയതോടെയായിരുന്നു ആർക്കർ രാജസ്ഥാനിൽ തന്റെ ആദ്യ മത്സരം കളിച്ചത്. സീസണിൽ മൊത്തം 7 മത്സരങ്ങൾ മാത്രം കളിച്ച ആർക്കർ 13 വിക്കറ്റുകളാണ് ഇതിനോടകം സ്വന്തം പേരിലാക്കിയത്. ഇത്ര കുറച്ച് മത്സരങ്ങൾ മാത്രം കളിച്ചിട്ടും ഈ സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ നിലവിൽ പതിനൊന്നാം സ്ഥാനത്തുണ്ട് ഈ യുവ ഓൾ റൗണ്ടർ.