SHARE

ജർമൻ സൂപ്പർക്ലബ് ബയേൺ മ്യൂണിച്ചിന്റെ പരിശീലകൻ ഹാൻസി ഫ്ലിക്ക് സീസണൊടുവിൽ ക്ലബ് വിട്ടേക്കും. ഇന്നലെ ന‌ടന്ന ബുന്ദ്സ്‌ലി​ഗ മത്സരത്തിന് ശേഷം ഫ്ലിക്ക് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ജർമനി ദേശീയ ടീമിന്റെ അടുത്ത പരിശീലകനാകും ഫ്ലിക്ക് എന്ന അഭ്യൂഹങ്ങൾക്കിടെയാണ് ക്ലബ് വിടാനുള്ള താൽപര്യം അദ്ദേഹം പരസ്യമാക്കിയത്.

കഴിഞ്ഞയാഴ്ചത്തെ പി.എസ്.ജിക്കെതിരായ മത്സരശേഷം തന്നെ ഈ സീസണൊടുവിൽ കരാർ റദ്ദാക്കി ക്ലബ് വിടാനുള്ള താൽപര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്, ഇത് ഞാൻ ഇന്ന് ടീമം​ഗങ്ങളോട് പറഞ്ഞു, ടീം ഇക്കാര്യം എന്നിലൂടെ തന്നെ അറിയണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു, വോൾവ്സ്ബർ​ഗിനെതിരായ ജയത്തിന് പിന്നാലെ ഫ്ലിക്ക് സ്കൈ ജർമനിയോട് പറഞ്ഞു.

2019 നവംബറിൽ നിക്കോ കോവാക്കിന് പകരക്കാരനായാണ് ഫ്ലിക്ക് ചുമതലയേറ്റത്. പിന്നീട് ഫ്ലിക്കിന്റെ കീഴിൽ ബയേൺ ചാമ്പ്യൻസ് ലീ​ഗ് കിരീടമുയർത്തി. ഇക്കുറി ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടറിൽ പുറത്തായെങ്കിലും ബുന്ദസ്‌ലി​ഗയിൽ ബയേൺ കിരീടത്തിന് തൊട്ടരികിലാണ്. ബയേണൻ വിടുകയാണെങ്കിൽ ഫ്ലിക്ക് ജർമനി ദേശീയ ടീമിന്റെ ചുമതലയേൽക്കാനാണ് സാധ്യത.