SHARE

കേരളത്തിൽ നിന്നുള്ള ഐ എസ് എൽ ടീമായ കേരളാ ബ്ലാസ്റ്റേഴ്സിനേയും, ഐലീഗ് ടീമായ ഗോകുലം കേരള എഫ് സിയേയും പങ്കെടുപ്പിച്ച് കൊണ്ട് ഒരു പ്രീസീസൺ ടൂർണമെന്റ് സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് കേരള ഫുട്ബോൾ അസോസിയേഷനെന്ന് സൂചന.‌ ഇതിനായുള്ള ചർച്ചകൾ‌ ഗൗരവകരമായി നടക്കുന്നുണ്ടെന്നും, മൊത്തം 4 ടീമുകളെ ഈ ടൂർണമെന്റിൽ പങ്കെടുപ്പിക്കാനാണ് കെ എഫ് എ നീക്കമിടുന്നതെന്നുമാണ് റിപ്പോർട്ട്. കേരളാ ബ്ലാസ്റ്റേഴ്സിനും, ഗോകുലം കേരളയ്ക്കും പുറമേ കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമും ഈ ടൂർണമെന്റിൽ പ‌ങ്കെടുക്കും. എന്നാൽ ടൂർണമെന്റിൽ കളിക്കുന്ന നാലാമത്തെ ടീം ഏതാണെന്ന കാര്യത്തിൽ വ്യക്തതയില്ല.

എറണാകുളത്ത് വെച്ച് ഈ പ്രീസീസൺ ടൂർണമെന്റ് നടത്താനാണ് കേരള ഫുട്ബോൾ അസോസിയേഷന് താല്പര്യം. മഹാരാജാസ് സ്റ്റേഡിയമാണ് മത്സരം നടത്തുന്നതിനുള്ള പ്രഥമ പരിഗണനയിലുള്ളത്. ടൂർണമെന്റ് നടക്കുകയാണെങ്കിൽ കേരളാ ബ്ലാസ്റ്റേഴ്സും, ഗോകുലം കേരളയും ആദ്യമായി നേർക്ക് നേർ വരുന്നത് കാണാൻ ഫുട്ബോൾ പ്രേമികൾക്ക് കഴിയും. ഇരു ടീമുകളുടേയും ആരാധകരും ഇതിന് വേണ്ടി വലിയ കാത്തിരിപ്പിലാണ്.

സന്തോഷ് ട്രോഫിക്ക് മുന്നോടിയായുള്ള മികച്ച മുന്നൊരുക്കത്തിന് ഈ ടൂർണമെന്റ് കേരളാ ടീമിനെ സഹായിക്കുമെന്നാണ് കെ എഫ് എ കരുതുന്നത്. ടൂർണമെന്റിലെ നാലാംടീമായി ചെന്നൈ സിറ്റിയെ പരിഗണിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഉറപ്പായിട്ടില്ല. സംഭവത്തിൽ കെ എഫ് എ യുടെ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ഇപ്പോൾ കേരളത്തിലെ ഫുട്ബോൾ പ്രേമികൾ.