SHARE

രണ്ട് വർഷത്തെ വിലക്കിന് ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുന്ന രാജസ്ഥാൻ റോയൽസ് തങ്ങളുടെ ഹോം മത്സരങ്ങൾ കളിക്കുക ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ. രാജസ്ഥാനിലെ ജയ്പൂർ ആസ്ഥാനമായ റോയൽസ് ടീം ആദ്യ സീസൺ മുതൽ തങ്ങളുടെ ഹോം മത്സരങ്ങൾ കളിച്ചിരുന്നത് സവായ് മാൻസിംഗ് സ്റ്റേഡിയത്തിലായിരുന്നു, എന്നാൽ രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ, ബിസിസിഐയുടെ വിലക്ക് നേരിട്ട് കൊണ്ടിരുന്നതിനാൽ ഈ പ്രാവശ്യം ജയ്പൂരിൽ മത്സരങ്ങൾ അനുവദിക്കില്ലെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷനും, ബിസിസിഐ യും തമ്മിലുള്ള പ്രശ്നങ്ങൾ ധാരണയിലെത്തിയെന്നും ജയ്പൂർ ഇത്തവണ ഐപിഎല്ലിന് വേദിയാകും എന്നുമുള്ള വാർത്ത ഇപ്പോൾ പുറത്ത് വന്നിരിക്കുന്നു.

സവായ് മാൻസിംഗ് സ്റ്റേഡിയം

വേദിയുടെ കാര്യത്തിൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇത് വരെ വന്നിട്ടില്ലെങ്കിലും ഐപിഎൽ ലേലം നടക്കുന്ന ജനുവരി 27 നോ 28 നോ അവർ ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. ഹോം ഗ്രൗണ്ടിന്റെ കാര്യത്തിൽ വലിയ തലവേദനയിലായിരുന്ന രാജസ്ഥാൻ റോയൽസിന് ജയ്പൂരിൽ കളിക്കാമെന്നത് ഏറെ ആശ്വാസം നൽകുന്ന കാര്യമാണ്.

ഏപ്രിൽ ഏഴിന് മുംബൈയിലാണ് ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന് തുടക്കം കുറിക്കുക. ലീഗിന് മുന്നോടിയായുള്ള താര ലേലം വരുന്ന ശനി, ഞായർ ദിവസങ്ങളിൽ ബെംഗളൂരുവിൽ നടക്കും.