SHARE

ഷില്ലോങ് ലജോങ് ടീം മുൻ ക്യാപ്റ്റനും ഐ-ലീഗ് താരവുമായ സാമുവൽ ലാൽമുവാൻപുയയ കേരള ബ്ലാസ്റ്റേഴ്സിൽ. മിസോറോം സ്വദേശിയായ 21-കാരനായ സാമുവൽ 2015-ൽ ഷില്ലോംഗ് പ്രീമിയർ ലീഗിൽ ഷില്ലോങ് ലാജോങ് ക്ലബ്ബിന്റെ യൂത്ത് ടീമിലൂടെയാണ് ഫുട്ബോളിലേക്കെത്തുന്നത്.

2016ൽ പ്രൊഫഷണൽ അരങ്ങേറ്റം കുറിച്ച സാമുവലിന് മിനർവ പഞ്ചാബ് എഫ്‌സിക്ക് വേണ്ടി കളിച്ച പരിചയവുമുണ്ട്. ഐ-ലീഗിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ ഒരാളാണ് ആക്രമണകാരിയായ ഈ മിഡ് ഫീൽഡർ. തന്റെ ആദ്യ ക്ലബിനായി കളിച്ച 65 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടിയ റെക്കോർഡുമായാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. 2017-18 ഐ-ലീഗ് സീസണിലെ സാമുവലിന്റെ മികച്ച പ്രകടനം അദ്ദേഹത്തിന് ഐ ലീഗ് അണ്ടർ 22 പ്ലെയർ ഓഫ് സീസൺ അവാർഡ് നേടികൊടുത്തിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാനിരിക്കുന്ന സീസണിൽ ടീമിന് മികച്ച സംഭാവന നൽകുവാനും കിരീടം നേടാൻ ടീമിനെ സഹായിക്കുവാനും സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ആരാധകരാണ് പിന്തുണയുടെ ഒരു പ്രധാന ഉറവിടം, ഈ സീസണിലും അവർ ടീമിനെ ആവേശലത്തിലെത്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, സാമുവൽ പറയുന്നു.

ഐ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിൽ ഒരാളാണ് അദ്ദേഹം. ഷില്ലോംഗ് ലജോങ്ങിലെ കാലഘട്ടം അദ്ദേഹത്തെ പരിചയസമ്പന്നനായ ഒരു ഫുട്ബോൾ കളിക്കാരനാക്കി. മാത്രമല്ല സാങ്കേതികമായി വളരെ മികച്ച കളിക്കാരനാണ് സാമുവൽ. അദ്ദേഹം തീർച്ചയായും ടീമിൽ വിലപ്പെട്ട ഒരു കളിക്കാരനാകും, കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറയുന്നു