SHARE

ഇന്ത്യൻ ക്രിക്കറ്റ്‌ ടീം കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് മുഹമ്മദ്‌ കൈഫ്‌. മാസ്മരിക ക്യാച്ചുകൾ കൊണ്ട് ഫീൽഡിങ്ങിൽ നിറഞ്ഞുകളിച്ച കൈഫ്‌ അപ്രതീക്ഷിതമായിട്ടാണ് ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. 2006ലാണ് കൈഫ് അവസാനമായി ഇന്ത്യൻ ടീമിൽ കളിച്ചത്. ഇപ്പോൾ ഔദ്യോഗികമായി ക്രിക്കറ്റിൽ നിന്ന് താരം വിരമിക്കുകയും ചെയ്തു. എന്നാൽ ഈ തീരുമാനം തെറ്റായിപ്പോയെന്നാണ് ഹർഭജൻ സിംഗിൻ്റെ നിലപാട്.

ഹർഭജന്റെ വാക്കുകൾ ഇങ്ങനെ : “മുഹമ്മദ്‌ അസറുദീന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫീൽഡറായിരുന്നു കൈഫ്‌. ബാറ്റിങ്ങിലും ഫീൽഡിംഗിലുമെല്ലാം  കൈഫ്‌ നൂറുശതമാനം നീതി പുലർത്തിയിരുന്നു. അവസരങ്ങൾക്ക് തന്നെയാണ് ക്രിക്കറ്റിൽ പ്രാധാന്യം. എന്നാൽ കൈഫിന് കുറച്ചുനാൾ കൂടി ടീമിൽ തുടരമായിരുന്നു. ”

കൈഫിന്റെ വിരമിക്കൽ ദിവസത്തിനും ഒരു പ്രത്യേകത ഉണ്ടായിരുന്നു. 2002 ൽ ജൂലൈ 13ന് തന്നെയാണ് ഇംഗ്ലണ്ടിനെതിരെ പരാജയത്തിലേക്ക് നീങ്ങിയ ഇന്ത്യൻ ടീമിനെ യുവരാജിനൊപ്പം ചേർന്ന് കൈഫ്‌ വിജയത്തിൽ എത്തിച്ചത്. അദ്ദേഹത്തിന്റെ കളി ജീവിതത്തിലെ ഏറ്റവും മനോഹരമായ ഇന്നിങ്‌സായിരുന്നു അത്. കൈഫിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ അണ്ടർ 19 ടീം 2000ൽ ലോകകപ്പും നേടിയിരുന്നു. ഇതോടെയാണ് കൈഫ്‌ ഇന്ത്യൻ ടീമിൽ എത്തുന്നത്.